കൊച്ചി : നവകേരള സദസിന് വേദിയൊരുക്കാന്‍ സ്കൂള്‍ മതില് പൊളിക്കണമെന്ന് ആവശ്യം. എറണാകുളം പെരുമ്പാവൂര്‍ ഗവണ്മെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ മതില് പൊളിക്കണമെന്നാണ് നവകേരള സദസ് സംഘാടക സമിതി ആവശ്യപ്പെട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘാടക സമിതി ചെയര്മാന് ബാബു ജോസഫ് നഗരസഭാ സെക്രട്ടറിക്ക് കത്ത് നല്കി.
സ്കൂള്‍ മതിലിനൊപ്പം പഴയ സ്റ്റേജ്, കൊടിമരം എന്നിവ പൊളിച്ചു നീക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് സ്കൂളിനകത്ത് കയറുന്നതിന് വേണ്ടിയാണ് മതില് പൊളിക്കണമെന്ന് ആവശ്യപ്പെടുന്നത്. നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുള്ള കൊടിമരത്തിന് സമീപത്തുള്ള മരത്തിന്റെ ചില്ലകള്‍ വെട്ടി മാറ്റണം. മൈതാനത്തുള്ള പഴയ കോണ്‍ക്രീറ്റ് സ്റ്റേജ് പൊളിച്ചു നീക്കണം.
മൈതാനത്തേക്ക് ബസ് ഇറങ്ങുന്നതിനായി വഴിയുടെ വീതി മൂന്ന മീറ്റര്‍ വര്‍ധിപ്പിക്കണം എന്നിങ്ങനെ അഞ്ച് ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്. നേരത്തെ തിരൂരിലും നവകേരള ബസ് കയറുന്നതിനായി സ്കൂള്‍ മതില് പൊളിച്ചു മാറ്റിയത് വിവാദമായിരുന്നു. പൊളിക്കുന്ന മതിലും കൊടിമരവും നവകേരള സദസിന് ശേഷം നിര്‍മ്മിച്ചു നല്‍കാമെന്നും സംഘാടക സമിതി അറിയിച്ചിട്ടുണ്ട്.
വടക്കൻ പറവൂരിലും നവകേരള സദസിനായി സ്കൂൾ മതിൽ പൊളിക്കാൻ നീക്കമുണ്ട്. ഇതേത്തുടർന്ന് മതിൽ പൊളിക്കരുതെന്ന് ചൂണ്ടിക്കാട്ടി നഗസരഭ ചെയർപേഴ്സൺ തഹസിൽദാർക്ക് കത്തു നൽകിയിട്ടുണ്ട്.