കൊച്ചി : എറണാകുളം പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ ബാങ്കിലെ കോടികളുടെ സാമ്പത്തിക ക്രമക്കേടില്‍ ഒരു കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് രാജന് , മുന്‍ സെക്രട്ടറി രവികുമാര്‍ എന്നിവരെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ്.
മുന്‍ ഭരണസമിതി അംഗങ്ങളും സെക്രട്ടറിമാരും ചേര്‍ന്ന് 100 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു പരാതി. പരാതിയില്‍ രണ്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുന്‍ ഭരണസമിതി അംഗങ്ങളും ജീവനക്കാരും അടക്കം 18 പേരാണ് പ്രതിസ്ഥാനത്തുളളത്. മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതി സമീപിച്ചിരുന്നുവെങ്കിലും ഇവരുടെ ജാമ്യം റദ്ദാക്കിയിരുന്നു. പിന്നാലെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റിലേക്ക് കടന്നത്. ക്രൈംബ്രാഞ്ച് തൃപ്പൂണിത്തറ ഓഫീസില്‍ വിശദമായി ഇരുവരെയും ചോദ്യം ചെയ്തു . തുടര്‍ന്ന് മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു.
മുന്‍ സെക്രട്ടറിയും നിലവിലെ സെക്രട്ടറിയും ബോര്‍ഡ് അംഗങ്ങളും ചേര്‍ന്ന് നിയമവിരുദ്ധമായി സ്വന്തം പേരിലും ബിനാമി പേരിലും വായ്പകള്‍ എടുത്ത് തട്ടിപ്പ് നടത്തിയെന്നും പരാതിയില്‍ പറയുന്നു . മുന്‍ സെക്രട്ടറിയുടെയും നിലവിലെ സെക്രട്ടറിയുടെയും ഭരണസമിതി അംഗങ്ങളുടെയും പേരില്‍ 33.34 കോടി രൂപ പിഴ ചുമത്തിയിരുന്നു . ഒരേ വസ്തുവില്‍ ഒന്നിലധികം ബ്രാഞ്ചുകളില്‍ നിന്ന് വായ്പകള്‍ തരപ്പെടുത്തിയായിരുന്നു തട്ടിപ്പ്. അതിഥിതൊഴിലാളികളും തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം. കൂടുതല്‍ പേര് തട്ടിപ്പിനിരയായിട്ടുണ്ടോ എന്ന വിശദമായ അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ് ക്രൈം ബ്രാഞ്ച് .