കോഴിക്കോട്: സിപിഎം കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പിവി സത്യനാഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിലാഷിന്റെ മൊഴി പുറത്ത്. സത്യനാഥൻ തന്നെ മന:പ്പൂർവം അവഗണിച്ചെന്ന് പ്രതി പൊലീസിന് മൊഴി നൽകി.
മറ്റ് പാർട്ടിക്കാർ തന്നെ മർദിച്ചപ്പോൾ സംരക്ഷിച്ചില്ല. പകരം കുറ്റപ്പെടുത്തുകയാണ് ചെയ്തത്. പാർട്ടി പ്രവർത്തനത്തിൽ നിന്ന് മാറ്റിനിർത്തി. ഇതെല്ലാം വൈരാഗ്യത്തിന് കാരണമായെന്ന് അഭിലാഷ് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, അഭിലാഷ് കൊല നടത്താൻ ഉപയോഗിച്ച ആയുധം വാങ്ങിയത് ഗൾഫിൽ നിന്നാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.
ഇതിനിടെ, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിലാഷിന് വേണ്ടി അന്വേഷണ സംഘം ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. കൊയിലാണ്ടി കോടതിയിലാണ് കസ്റ്റഡി അപേക്ഷ നൽകുക. ഇന്നലെ രാത്രി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ അഭിലാഷിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.
കൊലപാതകത്തിന് ഉപയോഗിച്ച കത്തി സംഭവ സ്ഥലത്തുവച്ച് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വ്യക്തി വൈരാഗ്യം മൂലമാണ് കൊലപാതകമെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ഇക്കാര്യത്തിലുൾപ്പെടെ കൂടുതൽ വ്യക്തതക്ക് വേണ്ടിയാണ് കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത്. വ്യാഴാഴ്ച ചെറിയപ്പുറം പരദേവതാ ക്ഷേത്രോത്സവത്തിലെ ഗാനമേളയ്ക്കിടെ രാത്രി പത്ത് മണിയോടെയായിരുന്നു കൊലപാതകം നടന്നത്. ഉത്സവത്തിന് സത്യനാഥൻ കുടുംബസമേതം എത്തിയിരുന്നു. പേരക്കിടാവ് ഉറങ്ങിയതോടെ മകളെ ഏൽപ്പിച്ച് ആൾക്കൂട്ടത്തിലേക്ക് നീങ്ങിയ ഉടനെ അഭിലാഷ് തുരുതുരാ കുത്തുകയായിരുന്നു.