ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒയുടെ കൗണ്ട് ഡൗണുകള്‍ക്ക് പിന്നിലെ ശബ്ദസാന്നിധ്യമായിരുന്ന ശാസ്ത്രജ്ഞ എന്‍ വളര്‍മതി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. ഐഎസ്ആര്‍ഒ അഭിമാന ദൗത്യമായ ചന്ദ്രയാന്‍3 ന്റെ വിജയകരമായ വിക്ഷേപണത്തിലും വളര്‍മതി തന്റെ ശബ്ദം നല്കി.
ഇന്ത്യയുടെ ആദ്യ തദ്ദേശീയ നിര്‍മിത റഡാര്‍ ഇമേജിംഗ് ഉപഗ്രഹമായ, റിസാറ്റ് ഒന്നിന്റെ പ്രൊജക്ട് ഡയറക്ടറായിരുന്നു. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പ്രഥമ അബ്ദുള്‍ കലാം പുരസ്കാരം 2015ല്‍ കരസ്ഥമാക്കിയത് വളര്‍മതിയായിരുന്നു. 1984ലാണ് വളര്‍മതി ഐഎസ്ആര്‍ഒയുടെ ഭാഗമാകുന്നത്. ഇന്ത്യയുടെ അഭിമാന ദൗത്യങ്ങളായ ഇന്‍സാറ്റ് 2എ, ഐ ആര് എസ് 1സി, ഐ ആര് എസ് 1ഡി, ടെസ് എന്നിവയ്ക്ക് പിന്നിലും വളര്‍മതി പ്രവര്‍ത്തിച്ചു. 2011ല്‍ ജിസാറ്റ് 12 ദൗത്യം നയിച്ച ടി.കെ അനുരാധക്ക് ശേഷം ഐഎസ്ആര്‍ഒയുടെ ദൗത്യം നയിച്ച രണ്ടാമത്തെ വനിത കൂടിയാണ് എന്‍ വളര്‍മതി. 1959 ജൂലൈ 31 ന് തമിഴ്നാട്ടിലെ അരിയല്ലൂരിലാണവര് ജനിച്ചത്. കോയമ്പത്തൂരിലെ ഗവണ്മെന്റ് കോളജ് ഓഫ് ടെക്നോളജിയില്‍ നിന്ന് എന്‍ജിനീയറിംഗില്‍ ബിരുദം നേടി. 1984ലാണ് ഐഎസ്ആര്‍ഒയില്‍ പ്രവേശിക്കുന്നത്.