കൊച്ചി : കാസര്‍കോട് പെരിയ ഇരട്ടക്കൊല കേസില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്നു മുതല്‍ എട്ട് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. ഗൂഢാലോചനയില്‍ പങ്കെടുത്ത 10, 15 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. ഇവർക്ക് രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന് അടക്കം നാലു പ്രതികള്‍ക്ക് അഞ്ചു വര്‍ഷം തടവും വിധിച്ചു. ഇവർക്ക് പതിനായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി എന്‍ ശേഷാദ്രിനാഥന് ആണ് വിധി പ്രസ്താവിച്ചത്. ഒന്നു മുതൽ എട്ടുവരെ പ്രതികളായ എ പീതാംബരൻ, സജി സി ജോർജ്, കെ എം സുരേഷ്, കെ അനിൽകുമാർ (അബു), ഗിജിൻ, ആർ ശ്രീരാഗ് (കുട്ടു), എ അശ്വിൻ (അപ്പു), സുബീഷ് (മണി), പത്താം പ്രതി ടി രഞ്ജിത്ത്(അപ്പു), 15–ാം പ്രതി എ സുരേന്ദ്രൻ (വിഷ്ണു സുര) എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചത്.
തെളിവ് നശിപ്പിക്കുകയും പ്രതികളെ സഹായിക്കുകയും ചെയ്തതിന്, 14–ാം പ്രതി സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ മണികണ്ഠൻ, 20–ാം പ്രതി മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ, 21–ാം പ്രതി, സിപിഎം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി രാഘവൻ വെളുത്തോളി (രാഘവൻനായർ), 22–ാം പ്രതി, മുൻ ലോക്കൽ കമ്മിറ്റി അംഗം കെ വി ഭാസ്കരൻ എന്നിവർക്കാണ് അഞ്ചു വർഷം തടവുശിക്ഷ ലഭിച്ചത്.
പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കിയിട്ടുണ്ട്. കേസില്‍ സിപിഎം നേതാക്കള്‍ അടക്കം 14 പ്രതികള്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയിരുന്നു. പത്ത് പ്രതികള്‍ക്കെതിരെ വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.
രാവിലെ 11 ന് കോടതി ശിക്ഷയില്‍ വാദം കേട്ടിരുന്നു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് സിബിഐ ആവശ്യപ്പെട്ടു. സ്ഥിരം കുറ്റവാളികള്‍ അല്ലെന്നും, അതിനാല്‍ വധശിക്ഷ പോലെ പരമാവധി ശിക്ഷ നല്‍കരുതെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. കുറ്റകൃത്യം അപൂര്‍വങ്ങളില്‍ അപൂര്‍വമല്ല. പ്രതികള്‍ക്ക് മാനസാന്തരത്തിന് സാധ്യതയുണ്ട്. അതിനാല്‍ ശിക്ഷയില്‍ പരമാവധി ഇളവ് നല്‍കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.
സിപിഎം നേതാവും ഉദുമ മുന്‍ എംഎല്‍എയുമായ കെ വി കുഞ്ഞിരാമന്, ഉദുമ സി പി എം മുന്‍ ഏരിയ സെക്രട്ടറി കെ മണികണ്ഠന് ഉള്‍പ്പെടെ 14 പ്രതികള്‍ കുറ്റക്കാരാണെന്നാണ് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ആറു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനും, 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ഒടുവിലാണ് കോടതിയുടെ വിധി പ്രസ്താവം.
ഒന്നാം പ്രതി എ പീതാംബരന് ഉള്‍പ്പെടെ 10 പ്രതികള്‍ക്കെതിരെയാണ് കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍, തടഞ്ഞുവയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ കണ്ടെത്തിയത്. പത്താം പ്രതി ടി രഞ്ജിത്ത് പതിനഞ്ചാം പ്രതി എ സുരേന്ദ്രന് എന്നിവര്‍ ഈ കുറ്റങ്ങള്‍ക്കു പുറമെ തെളിവു നശിപ്പിച്ചതായും കോടതി കണ്ടെത്തി. കേസിലെ 10 പ്രതികളെ കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു. 2019 ഫെബ്രുവരി 17 രാത്രി 7. 45 ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും രാഷ്ട്രീയ വൈരാഗ്യം മൂലം സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്.