പാലക്കാട്: കോൺഗ്രസ് നേതാവായിരുന്ന എ വി ഗോപിനാഥ് നേതൃത്വം നൽകുന്ന പെരിങ്ങോട്ടുകുറുശി വികസന സമിതിയുടെ പിന്തുണ എൽഡിഎഫിന്. പെരിങ്ങോട്ടുകുറുശിയിൽ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് എ വി ഗോപിനാഥ് നിലപാട് പ്രഖ്യാപിച്ചത്. എൽഡിഎഫ് സ്ഥാനാർഥി കെ രാധാകൃഷ്ണന്റെ വിജയത്തിന് രംഗത്തിറങ്ങുമെന്ന് ആയിരങ്ങൾ പങ്കെടുത്ത പൊതുയോഗം പ്രഖ്യാപിച്ചു.
ആറുപതിറ്റാണ്ടായി കോൺഗ്രസാണ് പെരിങ്ങോട്ടുകുറുശി പഞ്ചായത്ത് ഭരിക്കുന്നത്. കോൺഗ്രസിനകത്തെ വിഭാഗീയതയെത്തുടർന്ന് 2021ലാണ് ഗോപിനാഥ് രാജിവച്ചത്. തുടർന്ന്, പെരിങ്ങോട്ടുകുറുശി വികസന സമതി രൂപീകരിച്ച് പ്രവർത്തിക്കുകയായിരുന്നു. വാർഡുതലത്തിൽ ജനങ്ങളുടെ അഭിപ്രായം തേടിയശേഷമാണ് നിലപാട് പ്രഖ്യാപനം. കോൺഗ്രസിൽനിന്ന് വിട്ടുനിൽക്കുന്നവരെയും പങ്കെടുപ്പിച്ചായിരുന്നു പൊതുയോഗം. പൊതുസമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്തു.
കെ രാധാകൃഷ്ണന്റെ ജയം പെരിങ്ങോട്ടുകുറുശിയുടെ ജയമാകുമെന്ന് എ വി ഗോപിനാഥ് പറഞ്ഞു. ഇതിന്റെ അലയൊലി പാലക്കാട് ജില്ല മുഴുവൻ ഉണ്ടാകും. മറ്റിടങ്ങളിലും ഇത് അനുഭവപ്പെടും. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പെരിങ്ങോട്ടുകുറുശിയിൽ കോൺഗ്രസിന് കെട്ടിവച്ച കാശ് കിട്ടില്ല. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിക്കുവേണ്ടി പ്രവർത്തിച്ചു. അത് തെറ്റായെന്ന് പിന്നീട് മനസ്സിലായി. ആലത്തൂർ എംപിക്ക് വികസന ഫണ്ടായി 25 കോടി കിട്ടിയിട്ടും ഒരു ചില്ലിക്കാശും പഞ്ചായത്ത് വികസനത്തിന് നൽകിയില്ല. എൽഡിഎഫ് സർക്കാരാണ് പെരിങ്ങോട്ടുകുറുശി പഞ്ചായത്തിൽ വികസനത്തിന് ഫണ്ട് അനുവദിച്ചത്. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തായിട്ടും സർക്കാർ ചേർത്തുപിടിച്ചെന്നും അദ്ദേഹം പറഞ്ഞു.