തൃശൂര്‍: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. രണ്ട് ഷട്ടറുകള്‍ നാല് അടി വീതം തുറന്ന് 740 ക്യൂസെക്സ് വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കുന്നത്.ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
കനത്തമഴയില്‍ നീരൊഴുക്ക്് ശക്തമായതിനെ തുടര്‍ന്ന് ഡാമിലെ ജലനിരപ്പ് 423 മീറ്ററായി ഉയര്‍ന്നതോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ന് രാവിലെ 11.30 ഓടേയാണ് ഡാമില്‍ നിന്ന് അധിക വെള്ളം പുറത്തേയ്ക്ക് ഒഴുക്കാന്‍ തുടങ്ങിയത്. 424 മീറ്ററാണ് ഡാമിലെ പരമാവധി ജലനിരപ്പ്.
അണക്കെട്ട് തുറന്ന പശ്ചാത്തലത്തില്‍ ചാലക്കുടി പുഴയില്‍ മത്സ്യബന്ധനത്തിനും ചാലക്കുടി പുഴയുടെ തീരത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ആവശ്യമായ സുരക്ഷയും ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങളും കുട്ടികളും പുഴയില്‍ ഇറങ്ങുന്നതിനും പുഴയില്‍ കുളിക്കുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രളയദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കുന്നത് ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികള്‍ അധികൃതര്‍ സ്വീകരിക്കും.
ഇന്ന് രാവിലെ 6 മണി മുതല്‍ ആവശ്യമായ മുന്നറിയിപ്പുകള്‍ നല്കി പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ താഴ്ത്തി അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, റിസര്‍ച്ച് & ഡാം സേഫ്റ്റി ഡിവിഷന് ഇടമലയാറിന് അനുമതി നല്കി ഉത്തരവിട്ടിരുന്നു.ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരുവാന് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ക്ക് ഇതു സംബന്ധിച്ച മുന്നറിയിപ്പ് മൈക്ക് അനൗണ്‍സ്മെന്റ് മുഖേന നല്‍കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.