കോഴിക്കോട്: കോഴിക്കോട് നൊച്ചാട് യുവതി തോട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയിലായി. മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നത്. നൊച്ചാട് സ്വദേശി അനുവിനെ തിങ്കളാഴ്ചയാണ് തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രതി സ്ഥിരം കൂറ്റവാളിയാണെന്ന് പൊലീസ് പറഞ്ഞു. നേരത്തെയും ബലാത്സംഗക്കേസിലെ പ്രതിയാണ്. അനുവിന് ലിഫ്ഫ് കൊടുത്തശേഷം സ്വര്‍ണം കവര്‍ന്നശേഷം തോട്ടില്‍ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. അനുവിന്റെ തല തോട്ടില്‍ ചവിട്ടിത്താഴ്ത്തി. ഇരിങ്ങന്നൂരിലെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും അമ്മയുടെ ശസ്ത്രക്രിയക്കായിട്ടാണ് അനു വാളൂരിലെ സ്വന്തം വീട്ടിലെത്തുന്നത്. തിങ്കളാഴ്ച രാവിലെ അസുഖബാധിതനായ ഭര്‍ത്താവിനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി അനു തിരികെ വീട്ടിലേക്ക് പോയി. തിരക്കിട്ട് പോകുകയായിരുന്ന അനുവിന് പ്രതി ഇരുചക്രവാഹനത്തില്‍ ലിഫ്റ്റ് കൊടുത്തു.
വാഹനത്തില്‍ കയറിയ അനുവിനെ തോട്ടിലേക്ക് തള്ളി ആഭരണങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചു. ഇതിനെ എതിര്‍ത്തപ്പോഴാണ് തല തോട്ടില്‍ ചവിട്ടിത്താഴ്ത്തിയത്. തുടര്‍ന്ന് ആഭരണങ്ങളുമായി പ്രതി രക്ഷപ്പെടുകയായിരുന്നു. മോഷ്ടിച്ച ബൈക്കിലാണ് പ്രതി പേരാമ്പ്രയിലെത്തിയത്. തോട്ടില്‍ അര്‍ധനഗ്നമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.അനുവിന്റെ ശരീരത്തില്‍ മുറിപാടുകളും ചതവും ഉണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് പേരാമ്പ്ര ഡിവൈ എസ് പി യുടെ നേതൃത്വത്തില്‍ 3 സംഘങ്ങളായാണ് അന്വേഷണം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിരുന്നു.