കോഴിക്കോട്: മോഷണശ്രമത്തിനിടെ പേരാമ്പ്ര വാളൂരില്‍ കുറങ്കുടി മീത്തല്‍ അനുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ഉപയോഗിച്ച ബൈക്ക് എടവണ്ണപ്പാറയില്‍നിന്ന് കണ്ടെത്തി. പ്രതിയായ കൊണ്ടോട്ടി സ്വദേശി മുജീദ് റഹ്മാനുമായി അന്വേഷണസംഘം നടത്തിയ തെളിവെടുപ്പിലാണ് ബൈക്ക് കണ്ടെത്തിയത്.
റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന നിലയിലായിരുന്നു ബൈക്ക്. സംഭവസമയത്ത് പ്രതി ഉപയോഗിച്ചിരുന്ന കോട്ടും കണ്ടെത്തിയിട്ടുണ്ട്. ബൈക്കില്‍ ലിഫ്റ്റ് കൊടുത്ത ശേഷം യുവതിയെ പിടിച്ചുവലിച്ചുകൊണ്ടുപോയി തല തോട്ടിലെ ചെളിയില്‍ ചവിട്ടിതാഴ്ത്തുകയായിരുന്നു.ഭര്‍ത്താവിന് അടുത്തെത്താന്‍ വഴിയില്‍ വാഹനം കാത്തുനിന്ന അനുവിനെ ഇയാള്‍ ലിഫ്റ്റ് തരാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റുകയായിരുന്നു. മറ്റ് വാഹനങ്ങള്‍ കിട്ടാതിരുന്ന സാഹചര്യത്തില്‍ ഇവര്‍ ബൈക്കില്‍ കയറി.
തോടിന് സമീപത്തുവച്ച് ബൈക്ക് നിര്‍ത്തിയ പ്രതി അനുവിനെ തോട്ടില്‍ മുക്കി കൊലപ്പെടുത്തി. പിന്നീട് ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങള്‍ അഴിച്ചെടുത്ത ശേഷം രക്ഷപെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. മട്ടന്നൂരില്‍നിന്ന് മോഷ്ടിച്ച ബൈക്കുമായി വരുമ്പോഴാണ് ഇയാള്‍ കൊല നടത്തിയത്. ഇയാൾക്കെതിരേ 55 കേസുകള്‍ നിലവിലുണ്ട്. സമാനരീതിയില്‍ അപരിചിതരായ സ്ത്രീകള്‍ക്ക് ലിഫ്റ്റ് കൊടുത്ത ശേഷം ബലാത്സംഗം ചെയ്ത കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.