ന്യൂഡല്‍ഹി : താന്‍ രാജ്യദ്രോഹിയാണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ എന്ന് ബിജെപി എംപി പ്രതാപ് സിംഹ. രാജ്യദ്രോഹിയെന്ന് ആരോപിച്ചുകൊണ്ടുള്ള പോസ്റ്റര്‍ പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലോക്സഭയിലെ പുക ആക്രമണത്തില്‍ പിടികൂടിയ പ്രതികള്‍ക്ക് സഭയ്ക്ക് അകത്തുകയറാന്‍ പാസ് നല്‍കിയത് മൈസൂരു എംപിയായ പ്രതാപ് സിംഹയായിരുന്നു.
ഈ സംഭവത്തിന് ശേഷമാണ് പ്രതാപ് സിംഹയ്ക്കെതിരെ കര്‍ണാടകയില്‍ വ്യാപകമായ പോസ്റ്റര്‍ പ്രചരിച്ചത്. ഒരു കയ്യില്‍ ബോംബും പടിച്ചു നില്ക്കുന്ന പ്രതാപ് സിംഹയുടെ പോസ്റ്ററില്‍ ദേശദ്രോഹി എന്നും എഴുതിയിട്ടുണ്ട്. തനിക്കെതിരായ ആരോപണങ്ങള്‍ ദൈവത്തിനും ജനങ്ങള്‍ക്കും വിടുകയാണെന്ന് പ്രതാപ് സിംഹ പറഞ്ഞു.
‘മൈസൂരുവിലെയും കുടകിലെയും ജനങ്ങള്‍ കഴിഞ്ഞ 20 കൊല്ലമായി എന്നെ കാണുന്നു. എന്റെ പ്രവര്‍ത്തനങ്ങള്‍ അറിയുന്നു. അവര്‍ തീരുമാനിക്കട്ടെ ഞാന്‍ ദേശസ്നേഹിയാണോ ദേശദ്രോഹിയാണോ എന്ന്. 2024 ലെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തീര്‍പ്പു കല്‍പ്പിക്കട്ടെ’ എന്നും പ്രതാപ് സിംഹ പറഞ്ഞു. പാര്‍ലമെന്റ് പുകയാക്രമണത്തില്‍ പ്രതാപ് സിംഹയോട് ലോക്സഭ സ്പീക്കര്‍ വിശദീകരണം തേടിയിരുന്നു.