ന്യൂഡൽഹി : രണ്ടാം മോദി സർക്കാരിനെതിരെ പ്രതിപക്ഷം ലോക്സഭയിൽ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ എതിർത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കള്ളങ്ങൾ നിറച്ചതാണ് അവിശ്വാസ പ്രമേയമെന്ന് അമിത് ഷാ ലോക്സഭയിൽ പറഞ്ഞു. പ്രതിപക്ഷം യഥാർഥ പ്രശ്നങ്ങളല്ല ഉയർത്തുന്നത്. അവിശ്വാസ പ്രമേയം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. ഈ അവിശ്വാസ പ്രമേയം രാജ്യത്തെ പ്രതിപക്ഷത്തിന്റെ യഥാർഥ സ്വഭാവം കാണിക്കും. രാജ്യത്തെ ജനങ്ങൾ എല്ലാം വീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യത്തിനുശേഷം ഏറ്റവും ജനപ്രീതിയുള്ള പ്രധാനമന്ത്രി ഉണ്ടെങ്കിൽ അത് നരേന്ദ്ര മോദിയാണ്. താൻ ഇത് പറയുന്നില്ല. ലോകമെന്പാടുമുള്ള നിരവധി സർവേകൾ അങ്ങനെ പറയുന്നു. ഒരു ദിവസം പോലും അവധി എടുക്കാതെ 24ൽ 17 മണിക്കൂറും ജോലി ചെയ്യുന്ന ഒരു പ്രധാനമന്ത്രിയുണ്ടെങ്കിൽ, സ്വാതന്ത്ര്യത്തിനു ശേഷം അത് നരേന്ദ്ര മോദിയാണെന്നും അമിത് ഷാ ലോക്സഭയിൽ പറഞ്ഞു. നരേന്ദ്ര മോദി അഴിമതിയും രാജവംശ രാഷ്ട്രീയവും പ്രീണനവും ഇല്ലാതാക്കി. രാഷ്ട്രീയത്തിന് പ്രാധാന്യം നൽകി. കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുമെന്ന് അവർ (യുപിഎ) പറഞ്ഞുകൊണ്ടേയിരിക്കുന്നു. കടം എഴുതിത്തള്ളുന്നതിൽ ഞങ്ങൾ വിശ്വസിക്കുന്നില്ല. മറിച്ച് ഒരാൾ വായ്പയെടുക്കേണ്ടതില്ല.ഞങ്ങൾ കർഷകർക്ക് നൽകിയത് ഇതാണ്,സൗജന്യങ്ങളല്ല. ഞങ്ങൾ അവരെ സ്വയം പര്യാപ്തരാക്കി.
കേന്ദ്രത്തിൽ നിന്ന് ഒരു രൂപ പാവപ്പെട്ടവർക്ക് അയക്കുന്പോൾ 15 പൈസ മാത്രമാണ് ഗുണഭോക്താവിലേക്ക് എത്തുന്നത് എന്ന് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി പറഞ്ഞിരുന്നു. എന്നാൽ ഇന്ന്, മുഴുവൻ തുകയും ദരിദ്രരിലേക്കാണ് എത്തുന്നതെന്നും അമിത് ഷാ പറഞ്ഞു. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ രാജ്യത്തിന്റെ സന്പദ്വ്യവസ്ഥയെ 11-ാം റാങ്കിൽ നിന്ന് അഞ്ചാം റാങ്കിലേക്ക് ഉയർത്താൻ ഞങ്ങളുടെ സർക്കാരിന് സാധിച്ചു. നരേന്ദ്ര മോദി വീണ്ടും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് തനിക്ക് പൂർണ വിശ്വാസമുണ്ട്. ഞങ്ങളുടെ നയങ്ങൾ കാരണം 2014 മുതൽ കാഷ്മീരിലെ സ്ഥിതിഗതികൾ മാറി. കാഷ്മീരിനെ ഭീകരത മുക്തമാക്കാൻ ഞങ്ങൾ പ്രവർത്തിച്ചുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.