തിരുവനന്തപുരം : പെന്‍ഷന്‍കാരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും 25,000 കോടി രൂപയുടെ ആനുകൂല്യം പിടിച്ചുവച്ച് പിണറായി സര്‍ക്കാര്‍ അവരെ മുച്ചൂടും വഞ്ചിച്ചെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരന്.
കേരളത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയും നിഷ്ഠൂരമായ സമീപനം ഒരു സര്‍ക്കാര്‍ 10 ലക്ഷത്തോളം ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമെതിരേ സ്വീകരിച്ചതെന്നും സുധാകരൻ പറഞ്ഞു.
50 ലക്ഷത്തിലധികം വരുന്ന പാവപ്പെട്ടവര്‍ക്ക് ക്ഷേമപെന്ഷന് നൽകിയിട്ട് നാല് മാസം കഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞാണ് ഈ കൊടും വഞ്ചനയെങ്കിലും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ആര്ഭാടത്തിനും ദുര്‍ചെലവിനും ഒരു കുറവുമില്ല.
പിണറായി സര്‍ക്കാരിന്റെ വകുപ്പുകളെല്ലാം ഒന്നിനൊന്നു പരാജയമാണെങ്കില്‍ അതില്‍ ഒന്നാം സ്ഥാനത്ത് ധനവകുപ്പാണ്. സിപിഎമ്മുമായി അടുത്ത ബന്ധമുള്ള ഊരാളുങ്കല്‍ കമ്പനിക്ക് അമിത നിരക്കില്‍ പ്രവൃത്തികള്‍ നൽകുകയും അവരുടെ ബില്ലെല്ലാം ഉടനടി മാറ്റിക്കൊടുക്കുകയും ചെയ്യുന്നതു മാത്രമാണ് ഇപ്പോള്‍ ധനവകുപ്പില്‍ നടക്കുന്നതെന്നും സുധാകരന് കുറ്റപ്പെടുത്തി.