കോട്ടയം : കോട്ടയം നഗരസഭയിൽ മുൻ ജീവക്കാരൻ നടത്തിയ 2.39 കോടിയുടെ പെൻഷൻ തട്ടിപ്പ്കേസിൽ സെക്രട്ടറിക്കെതിരെ നടപടിക്ക് ശിപാർശ. ഇടത് യൂണിയൻ അംഗവും സെക്രട്ടറിയുമായ അനിൽ കുമാറിനെ സർക്കാർ സംരക്ഷിക്കുകയാണെന്ന ആക്ഷേപം ശക്തമായിരുന്നു. നഗരസഭയുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 211 കോടി കാണാതായെന്ന പുതിയ വിവാദത്തിനിടെയാണ് പെൻഷൻ തട്ടിപ്പിലെ അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നത്.
പെൻഷൻ തട്ടിപ്പ് പുറത്തു വന്നു അഞ്ചു മാസം കഴിഞ്ഞിട്ടും പ്രതിയായ മുൻ ക്ലർക്ക് അഖിൽ സി. വർഗീസിനെ പിടികൂടാൻ പൊലീസിനു കഴിഞ്ഞിട്ടില്ല. തട്ടിപ്പുമായി ബന്ധപ്പെട്ട് എൽഎസ്ജിഡി ജോയിൻ്റ് ഡയറക്ടർ നടത്തിയ അന്വേണ റിപ്പോർട്ടിൽ ഗൗരവതരമായ കണ്ടെത്തലുകളും ശിപാർകളും ഉണ്ട്.
സെക്രട്ടറി അനിൽ കുമാർ അടക്കമുള്ളവർക്കെതിരെ റിപ്പോട്ടിൽ നടപടിക്ക് ശിപാർശ ചെയ്യുന്നു. തട്ടിപ്പ് നടത്തിയ മുൻ ക്ലർക്ക് അഖിൻ്റെ ഫയലുകൾ ജൂനിയർ സൂപ്രണ്ടോ അക്കൗണ്ടൻ്റോ പരിശോധിച്ചില്ല. ട്രഷറിയിലേക്കു നൽകുന്നതിനൊപ്പം സെക്രട്ടറി അനിൽ കുമാർ സാക്ഷ്യപ്പെടുത്തിയ കത്ത് നൽകിയത് അകൗണ്ടുകൾ പരിശോധിക്കാതെയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഒരു ജീവനക്കാരി മാത്രമാണ് വിശദീകരണം നൽകിയത്.
സെക്രട്ടറി , അക്കൗണ്ടൻ്റ് , പി എ റ്റു സെകട്ടറി , സുപ്രണ്ട് എന്നിവർക്കെതിരെ നടപടിയ്ക്ക് ശുപാർശ ചെയ്താണ് എൽഎസ്ജിഡി ജോയ്ൻ്റ് ഡയറക്ടർ ആയിരുന്ന ഷാജി ക്ലമൻ്റിൻ്റെ റിപ്പോർട്ട് . എന്നാൽ ഇടത് യൂണിയൻ നേതാവായ സെക്രട്ടറി അനിൽ കുമാറിനെ സംരക്ഷിച്ച് മറ്റുള്ള ജീവനക്കാർക്ക് എതിരെ മാത്രമാണ് അന്ന് നടപടിയെടുത്തത്.