പത്തനംതിട്ട: മകളെ ഹാഷിം ഭീഷണിപ്പെടുത്തി വണ്ടിയില്‍ നിന്ന് ഇറക്കിയതാണെന്ന് പട്ടാഴിമുക്ക് അപകടത്തില്‍ മരിച്ച അധ്യാപിക അനുജ രവീന്ദ്രന്റെ പിതാവ്. മകളെ ബലമായി കാറില്‍ കയറ്റി ലോറിയില്‍ ഇടിപ്പിച്ചു കൊല്ലുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നൂറനാട് പൊലീസ് സ്റ്റേഷനില്‍ അദ്ദേഹം പരാതി നല്കി.
കഴിഞ്ഞ മാസം 28ന് രാത്രിയില്‍ കെപി റോഡില്‍ ഏഴംകുളം പട്ടാഴിമുക്കില്‍ ഉണ്ടായ അപകടത്തിലാണ് തുമ്പമണ്‍ നോര്‍ത്ത് ഹയര്‍ സെക്കന്‍ഡറി അധ്യാപിക നൂറനാട് മറ്റപ്പള്ളി സുശീന്ദ്രം വീട്ടില്‍ അനുജ രവീന്ദ്രന്(37), സ്വകാര്യ ബസ് ഡ്രൈവര്‍ ചാരുംമൂട് ഹാഷിം വില്ലയില്‍ ഹാഷിം (31) എന്നിവര്‍ മരിച്ചത്. ഇവര്‍ സുഹൃത്തുക്കളായിരുന്നതായാണ് വിവരം. ഇരുവരും തമ്മില്‍ പരിചയപ്പെട്ടിട്ട് ഒരു വര്‍ഷമായെന്നാണ് സൂചന. അനുജയുടെയും ഹാഷിമിന്റെയും ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് പൊലീസ് ഇക്കാര്യം കണ്ടെത്തിയത്. ഇരുവരും സ്ഥിരമായി ഫോണില്‍ ചാറ്റ് ചെയ്യാറുണ്ടായിരുന്നെന്നും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അതേ സമയം വടക്കേ ഇന്ത്യക്കാരനായ ലോറി ഡ്രൈവര്‍ റംസാനെ കേസില്‍ നിന്ന് ഒഴിവാക്കി. ലോറിയിലേക്ക് കാര്‍ മനഃപൂര്‍വം ഇടിച്ചുകയറ്റിയതാണെന്ന മോട്ടോര്‍ വാഹനവകുപ്പ് റിപ്പോര്‍ട്ട് പരിഗണിച്ചാണ് പൊലീസ് നടപടി. ലോറി ഡ്രൈവര്‍ക്കെതിരേ ചുമത്തിയ മനഃപൂര്‍വമല്ലാത്ത നരഹത്യ ഒഴിവാക്കിയാണ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.