പാലക്കാട്: പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിന് സിപിഐ ജില്ലാ കൗണ്‍സിലില്‍ നിന്ന് രാജിവെച്ചു. ജില്ലാ നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് പാര്‍ട്ടിക്ക് നല്കിയ കത്തില്‍ പറയുന്നത്.രാജി ചൊവ്വാഴ്ച ചേരുന്ന ജില്ലാ എക്സിക്യൂട്ടീവ് ചര്‍ച്ച ചെയ്യും. മുഹ്സിനെതിരേ കൂടുതല്‍ നടപടിക്ക് സാധ്യതയുണ്ട്.
വിഭാഗീയ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് മുഹസിനെ നേരത്തെ എക്സിക്യൂട്ടീവില്‍ നിന്ന് തരം താഴ്ത്തിയിരുന്നു.ജില്ലാ സമ്മേളനത്തിലെ വിഭാഗീയതയെ കുറിച്ച് അന്വേഷിച്ച കമ്മിഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു മുഹസിനെ ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയത്. റിപ്പോര്‍ട്ടിന് പ്രകാരം പട്ടാമ്പി മണ്ഡലം സെക്രട്ടറി സുഭാഷ്, പട്ടാമ്പിയില്‍ നിന്നുള്ള ജില്ലാ കമ്മിറ്റിയംഗം കൊടിയില്‍ രാമകൃഷ്ണന് എന്നിവരെ ബ്രാഞ്ച് കമ്മിറ്റിയിലേക്കും തരംതാഴ്ത്തിയിരുന്നു.
അതേ സമയം, മുഹ്സിനെതിരേ നടപടിയെടുത്തതില്‍ സിപിഐയില്‍ അമര്‍ഷം പുകയുകയാണ്. ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 13 പേര് മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റിയില്‍ നിന്ന് രാജിക്കൊരുങ്ങുന്നതായാണ് സൂചന. പട്ടാമ്പി മണ്ഡലം കമ്മിറ്റിയിലെ പ്രവര്‍ത്തകർ നേരത്തെ കൂട്ടരാജി സമര്‍പ്പിച്ചിരുന്നു. കാനം പക്ഷക്കാരനായ ജില്ലാ സെക്രട്ടറിയുടെ അഴിമതി ചൂണ്ടിക്കാണിച്ചതിനാണ് എംഎല്‍എ അടക്കമുള്ളവര്‍ക്കെതിരെ നടപടി എടുത്തതെന്നാണ് ഇവരുടെ ആരോപണം. മുഹമ്മദ് മുഹ്സിന് കാനം വിഭാഗത്തിന് ഒപ്പമല്ല. കാനം രാജേന്ദ്രന് വിഭാഗത്തിനാണ് പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ മുന്‍തൂക്കം.