ന്യൂഡൽഹി: സനാതനധർമ പരാമർശം വിവാദത്തിൽ തമിഴ്നാട് മന്ത്രിയും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനുമായ ഉദയനിധിക്ക് സമൻസ്. പട്ന കോടതിയാണ് സമൻസ് അയച്ചത്. ഫെബ്രുവരി 13ന് കോടതിയിൽ നേരിട്ട് ഹാജരാകാനാണു നിർദേശം.
പട്ന ഹൈക്കോടതിയിലെ അഭിഭാഷകനായ കൗശലേന്ദ്ര നാരായണൻ, മഹാവീർ മന്ദിർ ട്രസ്റ്റ് സെക്രട്ടറി കിഷോർ കുനാൽ എന്നിവരുടെ ഹർജിയിലാണ് ഇപ്പോൾ ഉദയനിധിക്ക് സമൻസ് ലഭിച്ചിരിക്കുന്നത്. എം.പിമാർക്കും എം.എൽ.എമാർക്കും എതിരായ കേസുകൾ പരിഗണിക്കുന്ന പട്നയിലെ പ്രത്യേക കോടതിയാണു ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബർ ആദ്യവാരത്തിലായിരുന്നു സനാതനധർമ വിവാദങ്ങൾക്കു തുടക്കമായത്. സനാതനധർമം പകർച്ചവ്യാധി പോലെയാണെന്നും തുടച്ചുനീക്കേണ്ടതാണെന്നുമായിരുന്നു അന്ന് ഉദയനിധി തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറത്തിന്റെ പരിപാടിയിൽ നടത്തിയ പ്രസംഗത്തിനിടെ സൂചിപ്പിച്ചത്. ഇതിനെതിരെ സംഘ്പരിവാർ നേതാക്കൾ വലിയ പ്രതിഷേധവുമായി രംഗത്തെത്തി. പിന്നാലെ നിയമനടപടികളും ആരംഭിച്ചു.