പത്തനംതിട്ട : പത്തനംതിട്ടയില്‍ കായികതാരമായ ദലിത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 13 പേര് കൂടി കസ്റ്റഡിയില്‍. കേസില്‍ അന്വേഷണം മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിച്ചു. കേസില്‍ 20 പേരെ ഇതിനോടകം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ മൂന്നുപേരെ പമ്പയില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സ്വകാര്യ ബസുകളില്‍ വെച്ച് പോലും പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
പെണ്‍കുട്ടി ഉപയോഗിച്ച ഫോണിലേക്ക് പ്രതികളില്‍ പലരും അശ്ലീല ദൃശ്യങ്ങള്‍ അയച്ചു. വാട്സാപ്പില്‍ കിട്ടിയ ദൃശ്യങ്ങളില്‍ പെണ്‍കുട്ടിയുടെ നഗ്ന വീഡിയോയും ഉണ്ടായിരുന്നു. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കൂടുതല്‍ പേര് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 62 പേര് ലൈംഗികമായി പീഡിപ്പിച്ചെന്നും, 13 വയസ്സുമുതല്‍ ചൂഷണത്തിന് ഇരയായതുമായാണ് പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മൊഴി നല്‍കിയിട്ടുള്ളത്.
കേസില്‍ അറസ്റ്റിലായവരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയും നവവരനും, അടുത്ത് വിവാഹ നിശ്ചയം നടക്കാനിരിക്കുന്ന യുവാവും ഉള്‍പ്പെടുന്നതായാണ് വിവരം. ജില്ലയ്ക്ക് പുറത്തു നിന്നുള്ള ചിലരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തതായും, എന്നാല്‍ കൃത്യമായ തെളിവു ലഭിച്ചാല്‍ മാത്രമേ അറസ്റ്റ് രേഖപ്പെടുത്തൂ എന്നും പൊലീസ് സൂചിപ്പിച്ചു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഇതിനോടകം ഒമ്പത് പോക്സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
അച്ഛന്റെ ഫോണിലാണ് പെൺകുട്ടി നമ്പരുകൾ സേവ് ചെയ്തിരുന്നത്. 32 നമ്പരുകൾ ഇങ്ങനെ ചെയ്തിട്ടുള്ളതിനാൽ ഇവർ ആദ്യഘട്ടത്തിൽ തന്നെ പ്രതിയാകും. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് തുടങ്ങിയിട്ടുണ്ട്. കാമുകനായ സുബിനാണ് പെൺകുട്ടിയെ ആദ്യം പീഡിപ്പിക്കുന്നത്. പീഡനദൃശ്യങ്ങൾ പകർത്തുകയും തുടർന്ന് ഇയാൾ മറ്റ് സുഹൃത്തുക്കൾക്ക് ദൃശ്യങ്ങൾ കൈമാറി പീഡനത്തിന് അവസരം ഒരുക്കി നൽകിയെന്നുമാണ് പൊലീസ് സൂചിപ്പിക്കുന്നത്.
പെൺകുട്ടിയെ കൈമാറാൻ പത്തനംതിട്ട സ്വകാര്യ ബസ്സ്റ്റാൻഡ് പ്രതികൾ പ്രധാന കേന്ദ്രമാക്കിയെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. പൊലീസ് നിരീക്ഷണമോ, കാമറകളോ ഇല്ലാത്ത ഇവിടുത്തെ ഒഴിഞ്ഞ കോണുകൾ പ്രതികൾക്ക് കൈമാറ്റത്തിന് സഹായകമായി. പെൺകുട്ടിയെ വിളിച്ചുവരുത്തി പലർക്കും പരിചയപ്പെടുത്തിക്കൊടുത്തിരുന്നത് ഇവിടെവെച്ചായിരുന്നു. സ്റ്റാൻഡിൽനിന്ന് വാഹനങ്ങളിൽ പലസ്ഥലത്തേക്കും കൊണ്ടുപോയിട്ടുള്ളതായാണ് പൊലീസിനു ലഭിച്ച വിവരം. പീഡിപ്പിച്ചവർ ആരൊക്കെയാണെന്നും എവിടെവെച്ചാണ് പീഡനംനടന്നതെന്നുമുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.