പത്തനംതിട്ട : പത്തനംതിട്ടയില്‍ കായികതാരമായ ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 29 എഫ്ഐആറുകള്‍. ജില്ലയില്‍ കൂടുതല്‍ പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അറസ്റ്റിലായവരില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തി ആകാത്തവരാണ്. പ്രതികളില്‍ ചിലര്‍ വിദേശത്തേക്ക് കടന്നിട്ടുണ്ട്. ഇവരെ തിരികെ നാട്ടിലെത്തിക്കാന്‍ പൊലീസ് ശ്രമം തുടങ്ങി. ഇവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും.
കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഇന്ന് ഉണ്ടായേക്കുമെന്ന് പൊലീസ് അറിയിച്ചു. ഇലവുംതിട്ട പൊലീസ് സ്റ്റേഷന് പരിധിയില്‍ 16 കേസുകളും പത്തനംതിട്ട പൊലീസ് സ്റ്റേഷന് പരിധിയില്‍ 11 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുവരെ 28 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പന്തളം, മലയാലപ്പുഴ പൊലീസ് സ്റ്റേഷനുകളിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പെണ്‍കുട്ടി പലതവണ കൂട്ടബലാത്സംഗത്തിന് ഇരയായതായി പൊലീസ് കണ്ടെത്തി. റാന്നി മന്ദിരംപടി, പത്തനംതിട്ട ജനറല്‍ ആശുപത്രി, തോട്ടും പുറം എന്നീ പ്രദേശങ്ങളിലെത്തിച്ചും പെണ്‍കുട്ടിയെ പലരും പീഡിപ്പിച്ചു. പ്രദേശവാസിയായ പി ദീപുവാണ് മന്ദിരംപടിയിലെ പീഡനത്തിന് നേതൃത്വം നല്‍കിയത്. കഴിഞ്ഞ ജനുവരി മാസത്തിലാണ് ദീപു ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്.
നേരില്‍ കാണണമെന്ന ആഗ്രഹപ്രകാരം പത്തനംതിട്ട മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് ദീപു പെണ്‍കുട്ടിയെ കാണുന്നു. കാറില്‍ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ ദീപു, പെണ്‍കുട്ടിയെ മന്ദിരംപടിയിലെ ആളൊഴിഞ്ഞ റബര്‍ തോട്ടത്തിന് സമീപം എത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഇതിനു പിന്നാലെ ഓട്ടോറിക്ഷയിലെത്തിയ ഓട്ടോറിക്ഷയിലെത്തിയ രണ്ടുപേര്‍ക്ക് പെണ്‍കുട്ടിയെ കൈമാറിയശേഷം ഇവര്‍ കടന്നുകളഞ്ഞു.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ചും പെണ്‍കുട്ടി പീഡനത്തിനിരയായി. ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപത്തുവെച്ചാണ് അതിക്രമത്തിന് ഇരയായത്. പത്തനംതിട്ട ചെന്നീര്‍ക്കര പ്രക്കാനത്തിന് സമീപം തോട്ടുപുറത്തുവെച്ചും പെണ്‍കുട്ടിയെ വാഹനത്തില്‍ വെച്ച് പീഡിപ്പിച്ചു. രണ്ടുപേരാണ് പീഡിപ്പിച്ചത്. തോട്ടുപുറത്തെ അടച്ചിട്ടിരുന്ന കെട്ടിടത്തിന് സമീപം വാഹനം പാര്‍ക്കു ചെയ്താണ്, കാറിനുള്ളില്‍ വെച്ച് കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. ഇതിനുശേഷം കാറില്‍ തന്നെ വീടിനു സമീപം കൊണ്ടു വന്ന് ഇറക്കി വിടുകയായിരുന്നു.
സ്റ്റാന്‍ഡിനുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിനുള്ളിലും കുട്ടിക്കെതിരെ അതിക്രമം നടന്നുവെന്നാണ് വിവരം. പെണ്‍കുട്ടിയുടെ പിതാവിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഭൂരിഭാഗം പ്രതികളേയും കണ്ടെത്തിയത്. ഈ സ്മാര്‍ട്ട്ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.ഫോണിലേക്ക് വന്നതും പോയതുമായ കോളുകളുടെ വിവരങ്ങളും സൈബര്‍ സെല്‍ പൊലീസിന് നല്‍കിയിട്ടുണ്ട്. ഡിഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.