പത്തനംതിട്ട: കാട്ടാന ആക്രമണത്തില്‍ കര്ഷകന് കൊല്ലപ്പെട്ട സംഭവത്തില്‍ കണമല ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ ജനകീയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ പ്രതിഷേധക്കാരുമായി ഉന്തും തള്ളുമുണ്ടായി.വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് വന്യമൃഗങ്ങള്‍ കാടിറങ്ങാന്‍ കാരണമെന്ന് ആരോപിച്ചാണ് പ്രതിഷേധം.
റാന്നി ഡിവൈഎസ്പി അടക്കമുള്ളവര്‍ ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.എന്നാല്‍ വനംവകുപ്പ് ഓഫീസിലെത്തി ഉദ്യോഗസ്ഥരെ കാണാതെ പിരിഞ്ഞു പോകില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി അടക്കമുള്ളവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.തുലാപ്പള്ളി പുളിയൻകുന്നുമല സ്വദേശി ബിജു (48) ആണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പുലർച്ചെ ഒന്നോടെയോടെയാണ് സംഭവം.വീടിന്റെ മുറ്റത്ത് ആന കൃഷി നശിപ്പിക്കുന്ന ശബ്ദം കേട്ട് ആനയെ ഓടിക്കാന്‍ ഇറങ്ങിയതാണ് ബിജു. പിന്നീട് വീട്ടിൽ നിന്നും 50 മീറ്റര്‍ അകലെയായി ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.