പത്തനംതിട്ട: പത്തനംതിട്ട സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കള്ളവോട്ടിനെ ചൊല്ലി സാമൂഹ്യമാധ്യമങ്ങളിലൂടെ കലഹിച്ച് സിപിഎമ്മും കോൺഗ്രസും .എസ്എഫ്ഐ ജില്ലാ സെക്രട്ടറിക്കെതിരെ കോൺഗ്രസ് കള്ളവോട്ട് ആരോപണം ഉന്നയിച്ചപ്പോൾ തങ്ങളും കള്ളവോട്ട് ചെയ്തെന്ന സൂചന നൽകുന്ന കോൺഗ്രസ് നേതാവിന്റെ പ്രസംഗം സിപിഎം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ്.
എസ്എഫ്ഐ ജില്ലാ സെക്രട്ടറി അമൽ ഒന്നിലധികം തവണ വോട്ട് ചെയ്തു എന്നാണ് വിഡിയോകൾ പങ്കുവച്ച് കോൺഗ്രസ് ആരോപിക്കുന്നത്. ദൃശ്യങ്ങളിൽ എസ്എഫ്ഐ ജില്ലാ ഭാരവാഹികളുമുണ്ട്.തങ്ങളും കള്ളവോട്ട് ചെയ്ത സൂചന നൽകിയത് നഗരസഭ കൗൺസിലർ അഡ്വക്കേറ്റ് സുരേഷ് കുമാർ ആണ്. കള്ളവോട്ട് ചെയ്യാൻ തങ്ങൾക്ക് അറിയുമെന്ന് കാണിച്ചുകൊടുത്തു എന്ന് സുരേഷ് കുമാർ വിഡിയോയിൽ പറയുന്നു.
ഞായറാഴ്ച പത്തനംതിട്ട മര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് കള്ളവോട്ട് നടന്നത്. പത്തനംതിട്ട സഗരസഭാ പരിധിയില്‍പ്പെട്ട 22 വാര്‍ഡുകളിലെ അംഗങ്ങള്‍ക്ക് മാത്രമാണ് വോട്ടവകാശമുള്ളത്. എസ്എഫ്ഐ ജില്ലാ സെക്രട്ടറി അമല്‍ തിരുവല്ല സ്വദേശിയാണ്. ഇയാള്‍ അഞ്ച് തവണ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പൊലീസിന്റെയും ഉദ്യോഗസ്ഥരുടെയും കണ്മുന്നിലാണ് തുടരെ അഞ്ച് തവണ അമല്‍ വോട്ട് ചെയ്തത്. ഒപ്പം അടൂര്‍ പെരിങ്ങനാട് നോര്‍ത്ത് സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായ അഖില്‍ പെരിങ്ങനാട് വോട്ട് ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
25 വര്‍ഷമായി യുഡിഎഫ് ഭരിക്കുന്ന ബാങ്ക് ആണ് പത്തനംതിട്ട സഹകരണ ബാങ്ക്. കഴിഞ്ഞ വര്‍ഷം ഏകദേശം 900 വോട്ടാണ് ഇടതുപക്ഷത്തിന് കിട്ടിയത് ഇത്തവണ ഏകദേശം 1300ലധികം വോട്ട് കിട്ടി. ഇത്തവണയും കോണ്‍ഗ്രസ് തന്നെയാണ് വിജയിച്ചത്. കള്ളവോട്ടിന്റെ പശ്ചാത്തലത്തില്‍ അടുത്ത ആഴ്ച നടക്കുന്ന കാര്‍ഷിക സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഹൈക്കോടതി നിരീക്ഷണത്തില്‍ നടത്തണമെന്ന ആവശ്യവുമായി ഡിസിസി ഹൈക്കോടതിയെ സമീപിക്കും.