ചാത്തന്നൂർ : കെഎസ്ആർടിസി ബസുകളിൽ യാത്രക്കാർക്ക് ടിക്കറ്റില്ലെന്ന കാരണത്താൽ കണ്ടക്ടർമാരിൽനിന്നു പിഴശിക്ഷ ഈടാക്കാനുള്ള മാനേജ്മെന്റ് നടപടി കോടതി തടഞ്ഞു. ഫോറം ഫോർ ജസ്റ്റീസ് (എഫ്എഫ്ജെ) നൽകിയ ഹർജിയെ തുടർന്നാണ് പിഴ ഈടാക്കുന്നതിൽനിന്ന് രണ്ടു മാസത്തേക്ക് വിലക്ക് ഏർപ്പെടുത്തിയതെന്ന് എഫ്എഫ്ജെ സെക്രട്ടറി പി. ഷാജൻ അറിയിച്ചു.
യാത്രക്കാർക്ക് ടിക്കറ്റില്ലാതിരുന്ന കാരണത്താൽ അടുത്തകാലത്ത് 22 കണ്ടക്ടർമാർക്ക് പിഴ ചുമത്തിയിരുന്നു. 500 രൂപ മുതൽ 5,000 രൂപ വരെയായിരുന്നു പിഴ. ഓഗസ്റ്റ് മാസത്തെ ശമ്പളത്തിൽനിന്നു പിഴത്തുക ഈടാക്കാൻ ഉത്തരവിറക്കിയിരുന്നു.
ഒരു കണ്ടക്ടർക്ക് 5,000, നാല് പേർക്ക് 3,000, ഏഴ് പേർക്ക് 2,000, ആറ് പേർക്ക് 1,000, നാല് പേർക്ക് 500 രൂപ വീതം എന്നിങ്ങനെയായിരുന്നു പിഴ. പിഴ വിധിക്കപ്പെട്ടവരിൽ ഏഴുപേർ ബദലി കണ്ടക്ടർമാരാണ്. യാത്രക്കാരന് ടിക്കറ്റില്ലെങ്കിൽ കണ്ടക്ടർ പിഴ ഒടുക്കണമെന്ന സമീപകാലത്തെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പിഴ ഈടാക്കിയത്.
ടിക്കറ്റില്ലാത്ത യാത്രക്കാരെ പരിശോധകർ കണ്ടെത്തിയാൽ അച്ചടക്ക നടപടിയുടെ ഭാഗമായി കണ്ടക്ടർക്ക് പരമാവധി ശിക്ഷ സസ്പെൻഷൻ വരെയായിരുന്നു ഇതുവരെ. ഇതിന് മാറ്റം വരുത്തിയാണ് പിഴ ശിക്ഷയായി നിശ്ചയിച്ച് ഉത്തരവ്. ഈ ഉത്തരവിനെതിരെയാണ് എഫ്എഫ്ജെ ഹൈക്കോടതിയെ സമീപിച്ചത്.