കാസര്‍കോട് : തൃക്കരിപ്പൂരില്‍ ഗേറ്റ്മാന് ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് യാത്രക്കാര്‍ വലഞ്ഞു. തീവണ്ടി കടന്നുപോയി അരമണിക്കൂര്‍ കഴിഞ്ഞിട്ടും ഗേറ്റ് തുറക്കാഞ്ഞതോടെ യാത്രക്കാര്‍ ചെന്നുനോക്കിയപ്പോഴാണ് ഗേറ്റ്മാന് ഉറങ്ങുന്നത് കണ്ടത്. വിളിച്ചുണര്‍ത്തി ഗേറ്റ് തുറന്നതോടെയാണ് ഗതാഗതക്കുരുക്ക് ഒഴിഞ്ഞത്.
ഗേറ്റ്മാനെ കാണാതെ വാഹനങ്ങള്‍ തുടരെത്തുടരെ ഹോണ്‍ മുഴക്കി. ഒടുവില്‍ ക്ഷമനശിച്ച യാത്രക്കാര്‍ ഗേറ്റ് കാബിനില്‍ ചെന്നുനോക്കിയപ്പോഴാണ് സുഖമായി ഉറങ്ങുന്ന ഗേറ്റ്മാനെ കണ്ടത്.
തൃക്കരിപ്പൂര്‍ ബീരിച്ചേരി റെയില്‍വേ ഗേറ്റില്‍ ബുധനാഴ്ച രാത്രി 10 മണിയോടെയാണ് യാത്രക്കാരുടെ ക്ഷമ പരീക്ഷിച്ച സംഭവം. മംഗളൂരുവില്‍ നിന്ന് കാച്ചിഗുഡെയിലേക്കുള്ള എക്സ്പ്രസ് തീവണ്ടി പോകാനാണ് രാത്രി 9.35 ഓടേ ബീരിച്ചേരി ഗേറ്റ് അടച്ചത്. തീവണ്ടി കടന്നുപോയിട്ടും ഗേറ്റ് തുറന്നില്ല. വീണ്ടും തീവണ്ടി പോകാനുണ്ടെന്ന് കരുതി യാത്രക്കാരും കാത്തിരുന്നു. എന്നാല്‍ കാത്തിരിപ്പ് നീണ്ടു. ഗേറ്റിനിരുവശവും വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു. കാത്തിരിപ്പ് അരമണിക്കൂര്‍ നീണ്ടു.