തൃശൂർ: കേരള–ഗൾഫ് കപ്പൽ യാത്ര സർവീസ് നടത്താൻ താൽപര്യം പ്രകടിപ്പിച്ചു 4 കമ്പനികൾ വന്നതോടെ പദ്ധതി കൂടുതൽ യാഥാർഥ്യമാകുന്നു. കേരളത്തിലെ തുറമുഖങ്ങളിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കു സർവീസ് നടത്താൻ രാജ്യത്തെ മുൻനിര കപ്പൽ കമ്പനിയായ ജെഎം ബക്സി, സിത ട്രാവൽ കോർപറേഷൻ ഇന്ത്യ, കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി കമ്പനി ഇന്റർസൈറ്റ് ടൂർസ് ആൻഡ് ട്രാവൽസ്, തിരുവനന്തപുരത്തുള്ള ഗാങ്വെ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് എന്നിവയാണ് താൽപര്യം അറിയിച്ചിരിക്കുന്നത്.
വിഴിഞ്ഞം, കൊല്ലം, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളിൽ നിന്നു ഗൾഫിലേക്ക് യാത്രാ കപ്പൽ സർവീസ് നടത്താൻ കേരള മാരിടൈം ബോർഡ് താൽപര്യപത്രം ക്ഷണിച്ചിരുന്നു. ഹൈബ്രിഡ് മാതൃകയിലുള്ള ചെറുതോ വലുതോ കപ്പലുകളിൽ സർവീസ് നടത്താൻ കഴിയുന്ന കമ്പനികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. ഏപ്രിൽ 22 വരെ അപേക്ഷകൾ നൽകാമെന്നതിനാൽ ഇനിയും കൂടുതൽ കമ്പനികൾ താൽപര്യം അറിയിക്കുമെന്നാണു പ്രതീക്ഷ.
സീസണുകളിൽ ഗൾഫിൽ നിന്നു കേരളത്തിലേക്കുള്ള വിമാനയാത്രാ നിരക്ക് ഉയർന്നതായതിനാൽ പുതിയ പദ്ധതി സാധാരണക്കാരായ പ്രവാസികൾക്കു സഹായകരമാകും. സീസണുകളിൽ സാധാരണ നിരക്കിന്റെ ഇരട്ടി വരെ വിമാന കമ്പനികൾ ഈടാക്കാറുണ്ട്. 12,000 രൂപ വരെയാണ് കപ്പൽ യാത്രാ നിരക്കായി പ്രതീക്ഷിക്കുന്നത്. അഞ്ച് ദിവസത്തെ യാത്രയും ഗൾഫിലേക്കുണ്ടാകും. എന്നാൽ യാത്രാ സമയം വർധിക്കുമെങ്കിലും കൂടുതൽ ചരക്ക് കൊണ്ടുവരാൻ കഴിയുമെന്നത് നേട്ടമാണ്.
കപ്പൽ യാത്രയുമായി ബന്ധപ്പെട്ട് പ്രവാസികൾക്കിടയിൽ മാരിടൈം ബോർഡ് സർവേയും നടത്തുന്നുണ്ട്. കപ്പലിൽ യാത്ര ചെയ്യാൻ താൽപര്യമുണ്ടോ, എത്ര ഇടവേളയിലാണു കേരളത്തിൽ വരിക, യാത്രാ സീസണുകൾ ഏതെല്ലാം, പ്രതീക്ഷിക്കുന്ന ടിക്കറ്റ് നിരക്ക്, ലഗേജ് എത്ര, കപ്പൽ യാത്രയുടെ പ്രതീക്ഷിക്കുന്ന ദൈർഘ്യം തുടങ്ങിയ പത്തോളം ചോദ്യങ്ങളാണു ബോർഡിന്റെ വെബ്സൈറ്റ് (kmb.kerala.gov.in) സർവേയിലുള്ളത്.