ചെന്നൈ : തമിഴ്നാട്ടിലെ നാഗപട്ടണത്ത് നിന്ന് ശ്രീലങ്കയിലേക്ക് പാസഞ്ചർ ഫെറി സർവീസ് ആരംഭിച്ചു. ചെറിയപാണി എന്നാണ് ഫെറി സർവീസ് നടത്തുന്ന കപ്പലിന്റെ പേര്. ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഫെറി സർവീസ് നടത്തുന്നത്.
ഏകദേശം 150 യാത്രക്കാരെ ഉൾക്കൊള്ളാൻ കപ്പലിന് ശേഷിയുണ്ട്. യാത്രക്കാർക്ക് 40 കിലോ വരെ ഭാരമുള്ള ലഗേജുകൾ സൗജന്യമായി കൂടെ കൊണ്ടുപോകാം. 12 വർഷത്തിനു ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിൽ കപ്പല്‍യാത്ര സാധ്യമാക്കുന്നത്.
ശ്രീലങ്കയിലെ കാങ്കേശന്തുറൈയിലേക്കാണ് സർവീസ്. നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലേക്ക് ജി എസ് ടി ഉൾപ്പെടെ ഒരാൾക്ക് 7670 രൂപയാകും ടിക്കറ്റ് നിരക്ക്. നാഗപട്ടണം തുറമുഖത്തെ പാസഞ്ചർ ടെർമിനലിൽ പാസ്പോർട്ടും വിസയും ഹാജരാക്കിയാൽ ടിക്കറ്റ് ബുക്ക് ചെയ്യാനാകും.
ജനങ്ങൾക്ക് ജാഫ്നയിലേക്കും തമിഴ്നാട്ടിലേക്കും തുച്ഛമായ നിരക്കിൽ യാത്ര ചെയ്യാനുള്ള അവസരമാണിത്. 2011ൽ കടൽ വഴിയുള്ള ഗതാഗതം സംബന്ധിച്ച ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചതിനെ തുടർന്നാണ് ഫെറി സർവീസുകൾ പുനരാരംഭിക്കുന്നത്.