കെ മുരളീധരന്റെ പരാജയത്തോടെ തൃശൂരിലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ഉറപ്പായിരുന്നു. എന്നാല്‍ ശുദ്ധികലശം എങ്ങനെ നടത്തണമെന്ന കാര്യത്തില്‍ കെപിസിസിക്കും എഐസിസിക്കുമൊന്നും ഇപ്പോഴും ഒരു നിശ്ചയവുമില്ല. ചാനല്‍ കാമറകളെ വിളിച്ചുവരുത്തിയ ശേഷം തമ്മിലടിക്കുന്ന അവസ്ഥയിലേക്ക് തൃശൂര്‍ കോണ്‍ഗ്രസിലെ വിഭാഗീയത എത്തിക്കഴിഞ്ഞു. കെ മുരളീധരൻ മൂന്നാം സ്ഥാനത്തായ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഡിസിസി അധ്യക്ഷന്‍ ജോസ് വള്ളൂര്‍, യുഡിഎഫ് ജില്ലാ ചെയര്‍മാനും മുന്‍ എംഎല്‍എയുമായ എംപി വിന്‍സന്റ് എന്നിവര്‍ സ്വമേധയാ രാജിവച്ചൊഴിഞ്ഞു. പക്ഷെ മഴ തോര്‍ന്നെങ്കിലും മരം പെയ്യുകയാണ്.
സ്ഥാനാര്‍ത്ഥിയായി വരുന്നതിന് മുമ്പ് തന്നെ കെ മുരളീധരന് തോല്‍വി മുന്നില്‍ കണ്ടിരുന്നു എന്നതാണ് യഥാര്‍ത്ഥ്യം. എന്നാല്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് അദ്ദേഹവും പ്രതീക്ഷിച്ചില്ല. തൃശൂരിലെ തോല്‍വിയെ രാഷ്ട്രീയായുധമാക്കി മാറ്റാന്‍ തന്നെയാണ് കെ മുരളീധരന്റെ പുറപ്പാട്. എന്നാല്‍ ഈ ചക്കളത്തിപ്പോരിനിടയില്‍ എല്ലാ നേതാക്കളും മറക്കുന്ന ഒരു പ്രധാന വസ്തുതയുണ്ട്. ഒരു കാലത്ത് കോണ്‍ഗ്രസിന്റെ നെടുംകോട്ടയായിരുന്ന തൃശൂര്‍ ജില്ലയെ ഇന്ന് ഇടതും ബിജെപിയും കൂടി പങ്കുവച്ചെടുക്കുന്ന അവസ്ഥയിലേക്കെത്തിച്ചിരിക്കുകയാണ്.
പാലക്കാട് നിന്നും വീണ്ടും എംപിയായ വികെ ശ്രീകണ്ഠനെയാണ് തൃശൂര്‍ ഡിസിസി നന്നാക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്നത്. പാലക്കാട് ഡിസിസി അധ്യക്ഷനെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവച്ചയാളാണ് വികെ ശ്രീകണ്ഠന്. എന്നാല്‍ തൃശൂരിലെ കോണ്‍ഗ്രസ് നേരിടുന്ന യഥാര്‍ത്ഥ പ്രതിസന്ധിയെന്താണെന്ന് കെപിസിസിയോ ഹൈക്കമാൻഡോ മനസിലാക്കിയിട്ടില്ലെന്നതാണ് വസ്തുത. കെ മുരളീധരന് ജയിക്കരുതെന്ന് ഏറ്റവും അധികം ആഗ്രഹിച്ചത് തൃശ്ശൂരിലെ കോണ്‍ഗ്രസ് നേതാക്കളാണ്. കാരണം ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം മുരളീധരന്റെ കൈകളില്‍ അമരുന്നത് കാണാന്‍ അവരാരും താല്പര്യപ്പെടുന്നില്ല. അതു കൊണ്ട് തന്നെയാണ് വലിയ തോതിലുള്ള നിസഹകരണം തെരഞ്ഞെടുപ്പിൽ ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.
എന്നാല്‍ അതീവ നിര്‍ണ്ണായകമായ മറ്റു ചിലകാര്യങ്ങളുമുണ്ട്. കോണ്‍ഗ്രസ് വോട്ടുകള്‍ വലിയൊരു ഭാഗം എങ്ങനെ സുരേഷ് ഗോപിക്ക് പോയി. പതിറ്റാണ്ടുകളായി കോണ്‍ഗ്രസിന്റെ ഉറച്ച വോട്ടുബാങ്കായ ക്രൈസ്തവ സമൂഹം എന്ത് കൊണ്ട് ഇത്തവണ സുരേഷ് ഗോപിക്കൊപ്പം ശക്തമായി അണിനിരുന്നു ? ഇനി ഈ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷയുമുണ്ടോ? ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നില്ലെന്നതാണ് വസ്തുത. മറിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായ പ്രശ്നങ്ങളെ മാത്രം തല്‍ക്കാലത്തേക്ക് പരിഹരിച്ച് ഇരുട്ടു കൊണ്ട് ഓട്ടയടക്കാനാണ് കെപിസിസി നേതൃത്വവും ഹൈക്കമാന്‍ഡും ശ്രമിക്കുന്നത്. തൃശൂരില്‍ കോണ്‍ഗ്രസിന് നഷ്ടപ്പെട്ട വോട്ടുകള്‍ എങ്ങനെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയും എന്നതിനെക്കുറിച്ച് യാതൊരു ചര്‍ച്ചയും നടത്താതെ പരാജയത്തിന്റെ ഉത്തരവാദിത്തം ആരുടെ തലയിലാണ് എന്നതിനെക്കുറിച്ച് പഴിചാരി സമയം കളയുകയാണ് നേതാക്കള്‍. അതിനെതിരെ ഒന്നും പറയാതെ തല്ക്കാലത്തേക്കുള്ള പരിഹാരമാര്‍ഗങ്ങള്‍ തേടുന്നു കോണ്‍ഗ്രസ് നേതൃത്വം.
രാജി വച്ച ഡിസിസി അധ്യക്ഷന്‍ ജോസ് വളളൂരും യുഡിഎഫ് ചെയര്‍മാനായിരുന്ന എംപി വിന്‍സെന്റും കെസി വേണുഗോപാലിന്റെ അടുത്തയാള്ക്കാരാണ്. മുന്‍ എംപി പ്രതാപന് കടുത്ത എ പക്ഷക്കാരനും. തൃശൂര്‍ പൊതുവെ ഐ വിഭാഗത്തിന്റെ കോട്ടയായി അറിയപ്പെടുന്ന ജില്ലയാണ്. ജോസ് വള്ളൂരും, എംപി വിന്‍സെന്റുമൊക്കെ ഐ വിഭാഗത്തിന്റെ പ്രമുഖനേതാക്കളുമാണ്. എന്നിട്ടും കെ മുരളീധരന് ജയിക്കാന്‍ കഴിഞ്ഞില്ലെന്നത് ജില്ലയിലെ കോണ്‍ഗ്രസിന് ആകെ നാണക്കേടാവുകയും ചെയ്തു.
കോണ്‍ഗ്രസ് വിടുമ്പോള്‍ പത്മജാ വേണുഗോപാല്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയായി വന്നിരിക്കുകയാണെന്നാണ് സുരേഷ് ഗോപി ജയിച്ച ശേഷം ബിജെപി നേതാക്കള്‍ പറയുന്നത്. കോണ്‍ഗ്രസിന്റെ താഴെ തട്ടില്‍ നിന്നും ബിജെപിയിലേക്ക് ഒഴുക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് തന്നെ വിലയിരുത്തിയിട്ടുണ്ട്. ഈ രീതിയിലാണ് തൃശൂരിലെ കോണ്‍ഗ്രസ് മുന്നോട്ടു പോകുന്നതെങ്കില്‍ ജില്ലയിലെ നിയമസഭാ സീറ്റുകളെല്ലാം ബിജെപിയും ഇടതുമുന്നണിയും പങ്കുവച്ചെടുക്കുമെന്നും കോണ്‍ഗ്രസ് ‘സംപൂജ്യരായി’ തമ്മില്‍ തല്ല് തുടരേണ്ടിവരുമെന്നുമാണ് ഒരു മുന്‍ ഡിസിസി ഭാരവാഹി പറഞ്ഞത്.
ബിജെപി തങ്ങളുടെ വോട്ടുചോര്ത്തിക്കൊണ്ടുപോകുന്നില് സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുളള ആശങ്ക പോലും തൃശൂരിലെ പാര്‍ട്ടി നേതാക്കള്‍ക്കില്ല എന്നതാണ് ഖേദകരമെന്ന് ഒരു മുന്‍ കോണ്‍ഗ്രസ് എംഎല്‍എ പറയുന്നു. 1982 മുതല്‍ പല തവണ തൃശൂര്‍ ജില്ലയില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചു ജയിച്ചിട്ടുള്ള അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ കോണ്‍ഗ്രസിന് ഇവിടെ നഷ്ടപ്പെട്ട അടിത്തറ തിരിച്ചുപിടിക്കുക അത്ര എളുപ്പമല്ല. തൃശൂരിലെ ജില്ലാ- ബ്ളോക്ക് – മണ്ഡലം കമ്മറ്റികള്‍ മൊത്തം അഴിച്ചുപണിത് ഏറ്റവും മികച്ചവരെന്ന് ഉറപ്പുളളവരെ മാത്രം നേതൃത്വം ഏല്‍പ്പിച്ചാല്‍ മാത്രമേ 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്തെങ്കിലും പ്രതീക്ഷയുള്ളുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാല്‍ ഇതൊന്നും തലയിലേക്ക് കയറുന്ന അവസ്ഥയിലല്ല കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍.