കോഴിക്കോട് : നിലമ്പൂർ എംഎൽഎ പി.വി.അന്‍വറിന്റെ കക്കാടംപൊയിലിലെ നാച്ചുറോ പാര്‍ക്ക് ഭാഗികമായി പ്രവര്‍ത്തിക്കാന്‍ അനുമതി. സംസ്ഥാന ദുരന്ത നിവാരണ വകുപ്പാണ് ഉത്തരവിട്ടത്. ചില്‍ഡ്രന്‍സ് പാര്‍ക്ക് മാത്രം തുറക്കാനാണ് അനുമതി കൊടുത്തിരിക്കുന്നത്.
നേരത്തെ, പിവിആര്‍ നാച്ചുറോ പാര്‍ക്ക് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അന്‍വര്‍ സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് പാര്‍ക്കിനെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ദുരന്തനിവാരണ അഥോറിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. കുട്ടികളുടെ പാര്‍ക്കിന്റെ പ്രവര്‍ത്തനം സ്റ്റീല്‍ ഫെന്സിംഗിനുള്ളിലായിരിക്കണമെന്നും വാട്ടര്‍ റൈഡുകള്‍ നിര്‍മിച്ച സ്ഥലവുമായി ഇതിന് ബന്ധമില്ലെന്ന് ഉറപ്പുവരുത്തണമെന്നും അനുമതി നല്‍കിക്കൊണ്ട് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. കനത്ത മഴയില്‍ മണ്ണിടിച്ചിലുണ്ടായതിനെത്തുടര്‍ന്ന് 2018ലായിരുന്നു പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചത്. പാര്‍ക്ക് സ്ഥിതി ചെയ്യുന്ന പ്രദേശം ഉരുള്‍പൊട്ടല്‍ മേഖലയാണെന്ന പരാതിയും ഉയര്‍ന്നിരുന്നു.