ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരുടെ വിദേശയാത്രകള്‍ റദ്ദാക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചു. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച പശ്ചാത്തലത്തിലാണ് നിര്‍ദേശം. ഉന്നത ഉദ്യോഗസ്ഥരുടെ വിദേശസന്ദര്‍ശനങ്ങള്‍ റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാരും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന അഞ്ചുദിവസങ്ങളിലും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 18 മുതല്‍ 22 വരെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.
ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുകളെല്ലാം ഒറ്റസമയത്തു നടത്തുക ലക്ഷ്യമിട്ട്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ കൊണ്ടു വന്നേക്കുമെന്നാണ് സൂചന. ലോക്സഭ തെരഞ്ഞെടുപ്പ് നേരത്തെ നടത്താനും ബിജെപി ആലോചിക്കുന്നതായി അഭ്യൂഹങ്ങളുണ്ട്.
ഡിസംബര്‍ മാസത്തില്‍ പൊതുതെരഞ്ഞെടുപ്പ് നടത്താനാണ് ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതില്‍ ഇതുവരെ സ്ഥിരീകരണമൊന്നുമില്ല. വനിതാ സംവരണ ബില്‍ നടപ്പാക്കാനും ബിജെപി ആലോചിക്കുന്നതായി സൂചനകളുണ്ട്.