ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ അതിക്രമിച്ച് കയറി പ്രതിഷേധപ്പുക ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട് പ്രതികള്‍ ആദ്യം ആസൂത്രണം നടത്തിയത് ഒന്നരവര്‍ഷം മുന്‍പ് എന്ന് റിപ്പോര്‍ട്ടുകള്‍. മൈസൂരുവില്‍ വച്ചായിരുന്നു ഇവര്‍ ഒത്തുകൂടിയത്. രണ്ടാമത്തെ ചര്‍ച്ച ഒന്‍പത് മാസം മുന്‍പാണ് നടന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ലോക്സഭയുടെ നടുത്തളത്തിലേക്ക് ചാടിക്കയറി പ്രതിഷേധപ്പുക ഉയര്‍ത്തിയ സാഗര്‍ ശര്‍മ്മ ജൂലൈയില്‍ ലക്നൗവില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിയിരുന്നു. ഈസമയത്ത് പാര്‍ലമെന്റില്‍ കയറാന്‍ ഇയാള്‍ക്ക് സാധിച്ചില്ല. എന്നാല്‍ പുറത്ത് നിന്ന് നിരീക്ഷണം നടത്തിയതായും ഡല്‍ഹി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. പദ്ധതി നടപ്പാക്കാന്‍ ഞായറാഴ്ചയാണ് സാഗര്‍ ശര്‍മ്മ ഡല്‍ഹിയില്‍ എത്തിയത്. മറ്റൊരു പ്രതിയായ അമോള്‍ ഷിന്‍ഡെയാണ് പുക കാനുകള്‍ കൊണ്ടുവന്നത്. മഹാരാഷ്ട്രയിലെ സ്വന്തം പട്ടണത്തില്‍ നിന്നാണ് ഇത് എത്തിച്ചത്. ഇന്ത്യാ ഗേറ്റില്‍ വച്ചാണ് പുക കാനുകള്‍ പ്രതികള്‍ക്കിടയില്‍ വിതരണം ചെയ്തതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കൂട്ടുപ്രതികളായ ലളിത് ഝായും വിക്കി ശര്‍മ്മയും ഗുരുഗ്രാം സ്വദേശികളാണ്. ഒളിവിലുള്ള ലളിത് ഝായാണ് പാര്‍ലമെന്റിന്റെ പുറത്ത് നിന്ന് പുക പ്രതിഷേധത്തിന്റെ വീഡിയോ ചിത്രീകരിച്ചത്. ഇയാളാണ് ആക്രമണത്തിന്റെ സൂത്രധാരന്‍ എന്നാണ് സൂചന. തുടര്‍ന്ന് മൊബൈല്‍ ഫോണുകളുമായി കടന്നുകളയുകയായിരുന്നു. വിക്കി ശര്‍മ്മയുടെ വീട്ടിലാണ് പ്രതികള്‍ തങ്ങിയിരുന്നത്. വിക്കി ശര്‍മ്മയെയും ഭാര്യയെയും ഡല്‍ഹി പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
ഇന്നലെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സാഗര്‍ ശര്‍മ്മയും മനോരഞ്ജനുമാണ് ലോക്സഭയുടെ നടുത്തളത്തിലേക്ക് ചാടിയിറങ്ങി പ്രതിഷേധപ്പുക ഉയര്‍ത്തിയത്. നീലം ദേവിയും അമോല്‍ ഷിന്‍ഡെയും പാര്‍ലമെന്റിന് പുറത്താണ് ‘പുക ബോംബ്’ പൊട്ടിച്ചത്. എല്ലാവരും പാര്‍ലമെന്റിന് അകത്ത് കയറാന്‍ ശ്രമിച്ചെങ്കിലും സാഗര്‍ ശര്‍മ്മയ്ക്കും മനോരഞ്ജനും മാത്രമാണ് പാസ് ലഭിച്ചത്.