ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ ഇരുസഭകളിലും പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കും. സംഭവത്തില്‍ ഇരു സഭകളും ഇന്ന് പ്രക്ഷുബ്ധമാകും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്നതാണ് എന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പാര്‍ലമെന്റ് അറ്റാക്കിന്റെ 22-ാം വാര്‍ഷികത്തില്‍ ഇത്തരമൊരു സംഭവം ഉണ്ടായത് വലിയ സുരക്ഷാ വീഴ്ച എന്നതാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമല്ല എന്ന വിമര്‍ശനവും പ്രതിപക്ഷം ഉയര്‍ത്തുന്നുണ്ട്.
കഴിഞ്ഞദിവസം ചര്‍ച്ച അനുവദിക്കാത്തതിനെ തുടര്‍ന്ന് ഇന്ത്യ മുന്നണി സഭാ സമ്മേളനം ബഹിഷ്കരിച്ചിരുന്നു. ബിജെപി എംപിയുടെ പാസ് ഉപയോഗിച്ചാണ് സഭയില്‍ എത്തിയത് എന്നതും പ്രതിപക്ഷം ഉയര്‍ത്തി കാട്ടുന്നുണ്ട്. ബിജെപി എംപിയായ പ്രതാപ് സിംഹയെ ചോദ്യം ചെയ്യണമെന്ന് തടക്കമുള്ള ആവശ്യവും പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ഇത്രത്തോളം വലിയ സുരക്ഷാ വീഴ്ച ഉണ്ടായത് ചര്‍ച്ച ചെയ്യാതെ മുന്നോട്ടു പോകാന്‍ കഴിയില്ല എന്ന നിലപാട് തന്നെയാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്.
സംഭവത്തില്‍ പിടിയിലായ പ്രതികളുടെ മേല്‍ യു.എ.പി.എ ചുമത്തി. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധമാണ് നടത്തിയതെന്നാണ് പ്രതികള്‍ പറയുന്നത്. പാർലമെന്റിൽ അതിക്രമം നടത്തിയ പ്രതികളെ ഇന്നും വിവിധ സർക്കാർ ഏജൻസികൾ ചോദ്യം ചെയ്യും. അതിക്രമത്തിനും പ്രതിഷേധത്തിനും കാരണം സര്‍ക്കാര്‍ നയങ്ങളോടുള്ള എതിര്‍പ്പെന്നും പ്രതികള്‍ അറിയിച്ചു. ഭഗത് സിങ്ങിനെ പോലെ ഭരണകൂടത്തിന് മറുപടി നൽകാനാണ് തങ്ങൾ ശ്രമിച്ചതെന്നും പ്രതികൾ വ്യക്തമാക്കി.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രതികൾ ജനുവരി മുതൽ തന്നെ പ്രതിഷേധിക്കാനുള്ള തീരുമാനത്തിനായി ആലോചന നടത്തിയിരുന്നു. അതേസമയം സംഘത്തിലെ അംഗമായ ലളിത് ഝായ്ക്കായി ദില്ലി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.പാര്‍ലമെന്റിൽ സഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും.