ന്യൂഡല്‍ഹി: ദേശീയ സുരക്ഷ കണക്കിലെടുക്കുമ്പോള്‍ ടെലികോം സേവനങ്ങളുടെ നിയന്ത്രണം താത്കാലികമായി ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരം നല്കുന്ന ടെലികമ്മ്യൂണിക്കേഷന്‍ ബില്‍, 2023 പാര്‍ലമെന്റ് പാസാക്കി. ശബ്ദ വോട്ടോടെ രാജ്യസഭയിലും ബില്‍ പാസായതോടെയാണ് പാര്‍ലമെന്റ് നടപടികള്‍ പൂര്‍ത്തിയായത്. രാഷ്ട്രപതി അംഗീകാരം നല്‍കുന്നതോടെ ബില്‍ നിയമമാകും.കഴിഞ്ഞ ദിവസമാണ് ലോക്സഭ ബില്‍ പാസാക്കിയത്.
രാജ്യസുരക്ഷ മുന്‍നിര്‍ത്തി ടെലികോം സേവനങ്ങളുടെ നിയന്ത്രണം സര്‍ക്കാരിന് താത്കാലികമായി ഏറ്റെടുക്കാന്‍ അധികാരം നല്‍കുന്നതാണ് ബില്‍. കൂടാതെ അടിയന്തര സാഹചര്യത്തിലും ഒരു ടെലികോം നെറ്റ്വര്‍ക്ക് സര്‍ക്കാരിന് കൈവശപ്പെടുത്താന്‍ സാധിക്കും. പൊതുജനങ്ങളുടെ താല്പര്യം കണക്കിലെടുത്ത് അടിയന്തര സാഹചര്യങ്ങളില്‍ സംപ്രേഷണം തടയുന്നതിനും സന്ദേശങ്ങള്‍ അയക്കുന്നത് തടസ്സപ്പെടുത്താനും കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കാനും ബില്‍ വ്യവസ്ഥ ചെയ്യുന്നു. കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ തടയാനും ഇതുവഴി സാധിക്കും.
അടിയന്തരാവസ്ഥയ്ക്കും പൊതു ക്രമത്തിനും ബാധകമായ നിയമങ്ങള്‍ പ്രകാരം സംപ്രേഷണം നിരോധിച്ചിട്ടുള്ള സാഹചര്യം ഒഴികെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരമുള്ള ലേഖകരുടെ പ്രസ് സന്ദേശങ്ങള്‍ തടയുകയോ തടഞ്ഞുവയ്ക്കുകയോ ചെയ്യില്ലെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു. പുതിയ ഇന്ത്യയുടെ ആഗ്രഹങ്ങള്‍ പ്രതിഫലിക്കുന്നതാണ് ബില്‍ എന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. കൊളോണിയല്‍ കാലഘട്ടത്തിലെ നിയമമാണ് മാറ്റുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.