ന്യൂഡൽഹി : മണിപ്പുർ പ്രശ്നത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും ബഹളം. പ്രതിപക്ഷ അംഗങ്ങൾ പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയാണ്. ബഹളത്തെ തുടർന്ന് ലോക്സഭ ഉച്ചകഴിഞ്ഞ് രണ്ടുവരെ നിർത്തിവച്ചതായി സ്പീക്കർ ഓം ബിർള അറിയിച്ചു. ബഹളത്തിനിടെ രാജ്യസഭാ നടപടികൾ പുരോഗമിക്കുകയാണ്. “പ്രധാനമന്ത്രി വായ് തുറക്കണം. എവിടെ പ്രധാനമന്ത്രി?’ തുടങ്ങിയ ചോദ്യങ്ങളുമായാണ് പ്രതിപക്ഷ അംഗങ്ങൾ സഭയിൽ ബഹളം വയ്ക്കുന്നത്. അതേസമയം, വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിൽ സംസാരിക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് പ്രതിപക്ഷ സഖ്യം “ഇന്ത്യ’ അറിയിച്ചു. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ മുറിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.