ന്യൂഡല്‍ഹി: ചോദ്യത്തിന് കോഴ ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക് ഇന്ന് നിർണായകം. മഹുവയ്ക്ക് എതിരായ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് ഇന്ന് ലോക്സഭ പരിഗണിച്ചേക്കും. മഹുവയെ അയോഗ്യയാക്കാനുള്ള നീക്കത്തിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കാനാണ് പ്രതിപക്ഷ തീരുമാനം.
പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ പണം വാങ്ങിയെന്ന ആരോപണത്തിൽ ലോക്സഭയിൽ നിന്ന് മഹുവ മൊയ്ത്രയെ പുറത്താക്കാൻ എത്തിക്സ് കമ്മിറ്റി ശിപാർശ ചെയ്തിരുന്നു. എത്തിക്സ് കമ്മിറ്റി ചെയർപേഴ്സൺ വിനോദ് കുമാർ സോങ്കർ പാനലിന്റെ റിപ്പോർട്ട് ലോക്സഭയിൽ ഇന്ന് സമർപ്പിക്കും.സമിതിയുടെ ശിപാർശക്ക് അനുകൂലമായി സഭ വോട്ട് ചെയ്താൽ മാത്രമേ മൊയ്ത്രയെ പുറത്താക്കാൻ കഴിയൂ. പക്ഷെ ലോക്സഭയിൽ ഭൂരിപക്ഷമുള്ള ബിജെപി മൊയ്ത്രയെ പുറത്താക്കാനുള്ള നീക്കങ്ങൾ ശക്തമാക്കിയേക്കും.
അതേസമയം മഹുവയെ അയോഗ്യതയാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ആണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.എത്തിക്സ് കമ്മറ്റി നടപടിക്കെതിരെ കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി ലോക്സഭാ സ്പീക്കർക്ക് കത്ത് അയച്ചിരുന്നു. മഹുവയുടെ പാർലമെന്റ് ഐഡി വിദേശത്ത് ഓപ്പൺ ചെയ്തതിൽ എന്താണ് അച്ചടക്ക ലംഘനമെന്ന് അധിർ രഞ്ജൻ കത്തിൽ ചോദിക്കുന്നു. പാർലമെന്റിൽ അദാനി ഗ്രൂപ്പിനെ കുറിച്ചും കേന്ദ്രസർക്കാരിനെക്കുറിച്ചും ചോദ്യങ്ങൾ ചോദിക്കുവാൻ മഹുവ മൊയ്ത്ര കോഴവാങ്ങിയെന്നാണ് ആരോപണം. ബിജെപി എംപി നിഷികാന്ത് ദുബെയാണ് മഹുവയ്ക്കെതിരെ പരാതിയുമായി രംഗത്തുവന്നത്.