ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ അതിക്രമിച്ചു കയറി പ്രതിഷേധിച്ച അഞ്ചംഗ സംഘം ദേഹത്ത് സ്വയം തീകൊളുത്തുന്നത് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ ആരാഞ്ഞിരുന്നതായി കേസ് അന്വേഷിക്കുന്ന ഡല്‍ഹി പൊലീസ്. സഭയ്ക്കുള്ളില്‍ ലഘുലേഖകള്‍ വിതരണം ചെയ്യാനും ഇവര്‍ക്കു പദ്ധതിയുണ്ടായിരുന്നുവെന്ന് പൊലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
പൊള്ളലേല്‍ക്കുന്നതു തടയുന്ന ജെല്‍ പുരട്ടി ദേഹത്തു സ്വയം തീകൊളുത്താന്‍ ഇവര്‍ ആലോചിച്ചിരുന്നു. ഇത്തരമൊരു പ്രതിഷേധം കൂടുതല്‍ ഫലപ്രദമാവുമെന്നായിരുന്നു ഇവരുടെ നിഗമനം. ഗാലറിയില്‍നിന്നു സഭയിലേക്കു ചാടി ലഘുലേഖകള്‍ വിതരണം ചെയ്യാനും ഇവര്‍ ആലോചിച്ചു. എന്നാല്‍ ഇതു പിന്നീട് വേണ്ടെന്നുവച്ച് പ്ലാന്‍ ബി നടപ്പാക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബിജെപി എംപി പ്രതാപ് സിംഹയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. സിംഹയുടെ ശുപാര്‍ശയില്‍ ലഭിച്ച പാസ് ഉപയോഗിച്ചാണ് അക്രമി പാര്‍ലമെന്റിനകത്തു കയറിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
സാഗര്‍ ശര്‍മ, ഡി മനോരഞ്ജന്‍ എന്നിവരാണ് പാര്‍ലമെന്റ് മന്ദിരത്തിന് ഉള്ളില്‍ കടന്ന് പ്രതിഷേധം നടത്തിയത്. ശൂന്യവേളയില്‍ ഗാലറിയില്‍നിന്നു സഭാ തളത്തിലേക്കു ചാടിയ ഇവര്‍ മഞ്ഞപ്പുകക്കുറ്റികള്‍ പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. ഇതേസമയം സമയം തന്നെ അമോല്‍ ഷിന്‍ഡെ, നീലം ദേവി എന്നിവര്‍ പാര്‍ലമെന്റിനു പുറത്തും പ്രതിഷേധം നടത്തി.അഞ്ചാമന് ലളിത് ഝാ ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരിപ്പിച്ചു. പ്രതിഷേധം നടത്തിയ നാലു പേരെ ഉടന്‍ തന്നെയും ലളിത് ഝായെ പിന്നീടും പൊലീസ് പിടികൂടി. ഡല്‍ഹി പൊലീസിന്റെ പ്രത്യേക സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്.