ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ പുകയാക്രമണവുമായി ബന്ധപ്പെട്ട് ആറാം പ്രതി അറസ്റ്റില്‍. മഹേഷ് കുമാവത് ആണ് അറസ്റ്റിലായത്. ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ലളിത് ഝായെ ഡല്‍ഹിയില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചെന്ന കുറ്റത്തിനാണ് മഹേഷിനെ പോലീസ് പിടികൂടിയത്.
ഗൂഢാലോചനയുടെ മുഴുവന്‍ കാര്യങ്ങളും മഹേഷിന് അറിയാമായിരുന്നുവെന്നും ഈ മാസം 13ന് ഇയാള്‍ ഡല്‍ഹിയില്‍ എത്തിയിരുന്നുവെന്നും പോലീസ് പറഞ്ഞു. കേസില്‍ അറസ്റ്റിലായ നീലം ദേവിയുമായും മഹേഷ് നിരന്തരം ബന്ധപ്പെട്ടിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.മഹേഷിന്റെ ബന്ധുവായ കൈലാഷിനെയും ചോദ്യം ചെയ്തെങ്കിലും പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
ഈ മാസം 13ന് ആണ് കേസിലെ പ്രതികളായ സാഗര്‍ ശര്‍മയും ഡി. മനോരഞ്ജനും സന്ദര്‍ശക ഗാലറിയില്‍ നിന്ന് ലോക്സഭാ ചേമ്പറിലേക്ക് ചാടി വീഴുകയും കാനിസ്റ്ററുകളില്‍ നിന്ന് മഞ്ഞ നിറത്തിലുള്ള വാതകം പുറത്തുവിടുകയും തുടര്‍ന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തത്.അതേസമയം പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് അമോല്‍ ഷിന്‍ഡെ, നീലം എന്നിവരും പ്രതിഷേധിക്കുകയും പോലീസ് പിടിയിലാവുകയുമുണ്ടായി.