പാരീസ്: അയോഗ്യതക്കെതിരെ അപ്പീൽ നൽകാനാകില്ലെന്ന സ്ഥിതിയിൽ പാരീസ് ഒളിംപിക്സിൽ ഇന്ത്യക്ക് ഉറച്ച മെഡൽ നഷ്ടമാകും. ഒരുപക്ഷെ പാരീസിലെ ആദ്യ സ്വര്‍ണം തന്നെ പ്രതീക്ഷിച്ച ഇന്ത്യയെ ഞെട്ടിച്ചാണ് ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് അയോഗ്യയായതായ പ്രഖ്യാപനം വന്നത്. മത്സരദിവസമുള്ള പതിവ് ഭാരപരിശോധനയില്‍ അനുവദനീയമായ ശരീരഭാരത്തിനെക്കാള്‍ 100 ഗ്രാം കൂടുതല്‍ ശരീരഭാരം ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിനേഷിനെ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി 50 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്തി ഫൈനലിന് മുമ്പ് അയോഗ്യയാക്കിയത്.
അയോഗ്യതക്കെതിരെ വിനേഷിന് അപ്പീല്‍ നല്‍കാനാവില്ലെന്നാണ് നിയമാവലി പറയുന്നത്. മത്സരത്തിലെ ഏതെങ്കിലും തീരുമാനത്തിനെതിരെ മാത്രമെ കളിക്കാര്‍ക്കോ ടീമിനോ അപ്പീല്‍ നല്‍കാനാവു. എന്നാല്‍ വിനേഷിന്റെ കാര്യത്തില്‍ കളിക്കാരന്റെ മാത്രം പിഴവാണിത്. 100 ഗ്രാം കൂടുതലാണെങ്കില്‍ പോലും താരത്തെ മത്സരിക്കാന്‍ അനുവദിക്കുന്നത് മറ്റ് താരങ്ങളോട് ചെയ്യുന്ന അനീതിയാകുമെന്നതിനാലാണ് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി നിബന്ധന കര്‍ശനമാക്കുന്നത്. നിലവിലെ സാഹചര്യത്തിൽ വിനേഷ് ഫോഗട്ടിനെ അവസാന സ്ഥാനക്കാരിയായി രേഖപ്പെടുത്തും. ഇന്നലെ സെമി ഫൈനലില്‍ ക്യൂബയുടെ യൂസ്നെലിസ് ഗുസ്മാൻ ലോപ്പസിനെതിരെ ഏകപക്ഷീയമായ വിജയം നേടിയശേഷം ചരിത്രം തിരുത്തി വനിതാ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായ വിനേഷ് മാധ്യമങ്ങളോട് പോലും സംസാരിക്കാന്‍ നില്‍ക്കാതെ നേരെ കഠിന പരിശീലനത്തിനായാണ് പോയത്. ഫൈനലിന് മുമ്പുള്ള നിശ്ചയരാര്ഢ്യവും മുന്നൊരുക്കവുമാണ് ഇതെന്നായിരുന്നു മാധ്യമങ്ങളും ആരാധകരും ഇതിനെ കണ്ടത്.
എന്നാല്‍ ശരീരഭാരത്തിന്റെ കാര്യത്തില്‍ വിനേഷിന് തന്നെ ആശങ്കയുണ്ടായിരുന്നുവെന്നതിന്റെ തെളിവായിരുന്നു ഇത്. അതുകൊണ്ട് തന്നെ വിനേഷ് ഇന്നലെ രാത്രി ഉറങ്ങാന്‍ പോലും കൂട്ടാക്കാതെ സൈക്ലിംഗും ജോഗിംഗുമെല്ലാം നടത്തി ശരീരഭാരം കുറക്കാനുള്ള കഠിന പ്രയത്നത്തിലായിരുന്നു. എന്നാല്‍ മത്സരദിവസമായ ഇന്ന് രാവിലെ ഭാരപരിധോനക്ക് എത്തിയപ്പോള്‍ വിനേഷിന്റെ ശരീരഭാരം 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തി. ഒരു ഒളിംപിക് മെഡലിന്റെ ഭാരം 529 ഗ്രാമാണ്. അതിന്റെ അഞ്ചിലൊന്ന് ഭാരം കൂടിയപ്പോള്‍ ഇന്ത്യക്ക് നഷ്ടമായത് ഒരു ഒളിംപിക് മെഡലും.