കോഴിക്കോട് : ഏറെ കോളിളക്കം സൃഷ്ടിച്ച പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലുള്‍പ്പെട്ട യുവതിയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി ഭര്‍ത്താവ് രാഹുല്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് അമ്മയെ യുവതിക്കൊപ്പം നിര്‍ത്തി രാഹുല്‍ സ്ഥലത്ത് നിന്നും കടന്നു കളഞ്ഞു. രാഹുല്‍ തന്നെ പന്തീരാങ്കാവിലെ വീട്ടില്‍ വെച്ചും ആശുപത്രിയിലേയ്ക്ക് കൊണ്ടു വരുന്ന വഴി ആംബുലന്‍സില്‍ വെച്ചും മര്‍ദിച്ചെന്നും തലത്തും ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവേറ്റെന്നുമാണ് യുവതി പൊലീസിന് നല്കിയ മൊഴി.
എന്നാല്‍ തനിക്ക് പരാതിയില്ലെന്നും അച്ഛനും അമ്മയും വന്നാല്‍ പോകാന്‍ അനുവദിക്കണമെന്നും രാത്രി പതിനൊന്നു മണിയോടെ ആശുപത്രിയിലെത്തിയ പന്തീരാങ്കാവ് പൊലീസിന് ഇവര്‍ എഴുതി നല്കി. പന്തീരാങ്കാവിലെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ സഹായിക്കണമെന്നും പൊലീസിനോട് യുവതി ആവശ്യപ്പെട്ടു. ഫറോഖ് അസിസ്റ്റന്റ് കമ്മീഷണര്‍ എ എം സിദ്ദിഖിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. യുവതിയുടെ മാതാപിതാക്കളേയും പൊലീസ് വിവരമറിയിച്ചു.
ഈ വര്‍ഷം മെയ് അഞ്ചിനാണ് പറവൂര്‍ സ്വദേശിയായ യുവതിയും രാഹുലും ഗുരുവായൂരില്‍ വെച്ച് വിവാഹിതരായത്. അതേമാസം 12ന് യുവതിയുടെ മാതാപിതാക്കള്‍ വീട്ടിലെത്തിയപ്പോള്‍ യുവതി ക്രൂരമായ ഗാര്‍ഹിക പീഡനത്തിനിരയായെന്നായിരുന്നു കേസ്. അന്വേഷണം നടക്കുന്നതിനിടയില്‍ രാഹുല്‍ വിദേശത്തേയ്ക്ക് കടന്നിരുന്നു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ കോടതിയില്‍ കേസ് പരിഗണിക്കുന്നതിനിടയില്‍ ഭര്‍ത്താവിനനുകൂലമായി യുവതി മൊഴി നല്‍കുകയും ഹൈക്കോടതി കേസ് റദ്ദാക്കുകയുമായിരുന്നു.