കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതി രാഹുൽ പി.ഗോപാലിന്റെ അമ്മയുടെയും സഹോദരിയുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച വിധി. ഹർജിയിൽ കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. നേരത്തെ മുൻകൂർ ജാമ്യത്തെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. കോടതിയില് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
ചോദ്യംചെയ്യലിനു ഹാജരാകാൻ 2 തവണ അന്വേഷണ സംഘം നോട്ടിസ് നൽകിയെങ്കിലും മൂന്ന് പേരും എത്തിയിരുന്നില്ല. രാഹുലിന്റെ അമ്മ ഉഷാ കുമാരി, സഹോദരി കാർത്തിക എന്നിവർക്കെതിരെ സ്ത്രീധന പീഡന കുറ്റം ചുമത്തിയെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് മുൻകൂർ ജാമ്യം തേടിയത്. ഇവരെ അന്വേഷിച്ച് വീട്ടിലേക്കു പൊലീസ് ചെന്നെങ്കിലും സ്ഥലം വിട്ടിരുന്നു. സംഭവശേഷം രാജ്യംവിട്ട രാഹുലിനെ വിദേശത്തുനിന്ന് നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
നേരത്തെ കേസിൽ ഒത്തുതീർപ്പിനില്ലെന്ന് യുവതിയുടെ പിതാവ് വ്യക്തമാക്കിയിരുന്നു. വിവാഹത്തട്ടിപ്പിലും സ്ത്രീധന പീഡനത്തിലും ഉറച്ചു നിൽക്കുന്നുവെന്നും സ്ത്രീധനം കുറഞ്ഞതിൽ രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും അതൃപ്തിയുണ്ടായിരുന്നുവെന്നും പിതാവ് ആരോപിച്ചിരുന്നു. അന്വേഷണം ശരിയായ ദിശയിലാണ്. പക്ഷേ രാഹുലിന്റെ പശ്ചാത്തലം കൂടി അന്വേഷിക്കണം. യുവതിയുടെ അമ്മയെ രാഹുൽ ഫോണിൽ പലതവണ വിളിച്ചെങ്കിലും എടുത്തില്ല. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ കേസിലെ അതിജീവിതയായ യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനു മുൻപിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. നേരത്തെ കേസന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. ഫറൂഖ് എസിപി സാജു കെ എബ്രഹാമാണ് അന്വേഷണ സംഘം തലവൻ. ഏഴംഗ പ്രത്യേക അന്വേഷണ സംഘമാണ് രൂപീകരിച്ചത്.