കല്‍പ്പറ്റ : മുന്നണി മാറ്റ അഭ്യൂഹങ്ങള്‍ തള്ളി മുസ്ലീം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ഒരിഞ്ച് പോലും മാറി നടക്കില്ലെന്നും യുഡിഎഫിനെ ശക്തിപ്പെടുത്തുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. വയനാട് ജില്ലാ മുസ്ലീം ലീഗ് കൗണ്‍സില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്നണി മാറുമെന്ന് പ്രതീക്ഷയില്‍ ആരെങ്കിലും അടുപ്പത്ത് വെള്ളം വച്ചിട്ടുണ്ടെങ്കില്‍ അത് കളഞ്ഞേക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘മൂന്നണി മാറണമെങ്കില്‍ ബാങ്കിന്റെ വാതിലില്‍ കൂടി കടക്കേണ്ട കാര്യം മുസ്ലീം ലീഗിനില്ല. മുന്നണി മാറണമെങ്കില്‍ കാര്യകാരണ സഹിതം തുറന്നുപറയും. ഇപ്പോള്‍ അതിന്റെ സാഹചര്യം ഇല്ല. മുന്നണി ഉറപ്പിക്കാനാള്ള കാര്യകാരണങ്ങളാണ് ഇവിടെയുള്ളത്. കൂടാതെ മുന്നണിയിലെ നിലനിര്‍ത്താനുള്ള ഉത്തരവാദിത്വമാണ് ഇപ്പോള്‍ മുസ്ലീം ലീഗിനുള്ളത്. അതുകൊണ്ടുതന്നെ ഐക്യമുന്നണിയെ ശക്തിപ്പെടുത്തണം. വെറേ ആരെങ്കിലും വല്ല വെള്ളവും അടുപ്പത്ത് വച്ചിട്ടുണ്ടെങ്കില്‍ ആത് മാറ്റിവയ്ക്കണം. ആ തീ കത്താന്‍ പോകുന്നില്ല’- പാണക്കാട് സാദിഖലി തങ്ങള്‍ പറഞ്ഞു.
പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പടെയുള്ള ആളുകളെ വേദിയിലിരുത്തിയാണ് തങ്ങളുടെ പരാമര്‍ശമെന്നതും ശ്രദ്ധേയമാണ്. മുസ്ലീം ലീഗിന്റെ നിലപാടാണ് ഇതാണെന്ന് തങ്ങള്‍ ആവര്‍ത്തിച്ച് പറയുകയും ചെയ്തു. സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം നിലനിര്‍ത്തുകയെന്നത് മുസ്ലീം ലീഗിന്റെ ലക്ഷ്യമെന്നും പറഞ്ഞ തങ്ങള്‍ നവകേരള സദസിനെതിരെയും രംഗത്തെത്തി.