തിരുവനന്തപുരം: പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. 1,000 രൂപ പിഴയോട് കൂടിയ സമയപരിധിയാണ് അവസാനിക്കുന്നത്. പാന്‍ അസാധുവായാല്‍ നികുതി റീഫണ്ട് ലഭിക്കില്ല.പാന്‍ കാര്‍ഡുകള്‍ 1961ലെ ആദായനികുതി നിയമപ്രകാരം ഇന്ന് അര്‍ധരാത്രി മുതല്‍ പ്രവര്‍ത്തനരഹിതമാകും. അസാധുവായാല്‍ ഒരുമാസത്തിനകം 1,000 രൂപ നല്കി പാന്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സൗകര്യമുണ്ട്.
2021 മാര്‍ച്ച് 31വരെ ഫീസൊന്നുമില്ലാതെ പാന്‍ ആധാറുമായി ബന്ധിപ്പിക്കാമായിരുന്നു. പിന്നീട് കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് സമയപരിധി നീട്ടി. 2022 ഏപ്രില്‍ ഒന്നുമുതല്‍ ജൂണ്‍ 30 വരെ 500 രൂപ പിഴയോടെ ബന്ധിപ്പിക്കാമായിരുന്നു. ജൂലൈ ഒന്നുമുതല്‍ പിഴ 1,000 രൂപയാക്കി. പാന്‍ കാര്‍ഡും ആധാറും ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് അറിയാന്‍ www.incometax.gov.inല്‍ ലോഗിന്‍ ചെയ്യുക. പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡിന്റെ വിവരങ്ങളും മൊബൈല്‍ നമ്പറും നല്‍കണം. ലിങ്ക് ആധാര്‍ സ്റ്റാറ്റസ് എന്ന ഓപ്ഷന് തെരെഞ്ഞെടുത്ത് തുടരുക. ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ ഇത് സംബന്ധിച്ചുള്ള സന്ദേശം ലഭിക്കും. 80 വയസിന് മുകളിലുള്ളവര്‍, ആസാം, മേഘാലയ, ജമ്മു കശ്മീർ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ പാന്‍ കാര്‍ഡും ആധാറും ലിങ്ക് ചെയ്യേണ്ട ആവശ്യമില്ല.