പാലക്കാട് : അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ചതായി പരാതി. ചിറ്റൂർ സ്വദേശി സിജു വേണു (19) നാണ് മർദനമേറ്റത്. കഴിഞ്ഞ 24ന് വാഹനം തകർത്തെന്ന് ആരോപിച്ച് ഒരു സംഘം ആളുകൾ സിജുവിനെ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു.
യുവാവിനെ കെട്ടിയിട്ട് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മർദനത്തിൽ യുവാവിന് ശരീരമാസകലം പരിക്കേറ്റിട്ടുണ്ട്. എന്നാൽ മദ്യപിച്ചെത്തിയ സിജു തന്റെ വാഹനം തകർത്തുവെന്ന് ആരോപിച്ച് ഷോളയൂർ സ്വദേശി ജോയി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
വാഹന ഉടമയുടെ പരാതിയിൽ അഗളി പോലീസ് സിജുവിനെതിരെ കേസെടുത്തിട്ടുണ്ട്. എന്നാൽ സിജുവിന്റെ പരാതിയിൽ പോലീസ് കേസെടുത്തിട്ടില്ല. യുവാവ് മദ്യപിച്ച് വാഹനത്തിലെ യാത്രക്കാരോട് തര്‍ക്കിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.