കൊച്ചി: പാലക്കാട്ടെ ആർഎസ്എസ് നേതാവ് എ.ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ 9 പ്രതികൾ ഒഴികെയുള്ളവർക്ക് ജാമ്യം. 17 പേർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. എൻഐഎ അന്വേഷിച്ച കേസിൽ പോപ്പുലർ ഫ്രണ്ട്–എസ്ഡിപിഐ നേതാക്കളും പ്രവർത്തകരുമായ 40ലേറെ പേരാണ് പ്രതികൾ. മൊബൈല്‍ ഫോൺ വിശദാംശങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറുന്നത് അടക്കമുള്ള കർശന ഉപാധികളോടെയാണു ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
കരമന അഷറഫ് മൗലവി, യഹിയ കോയ തങ്ങൾ, അബ്ദുൽ റൗഫ്, അബ്ദുൽ സത്താർ തുടങ്ങിയവർ അടക്കമുള്ളവർക്കാണ് ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, ശ്യാംകുമാർ വി.എം എന്നിവരുടെ ബെഞ്ച് ജാമ്യം നിഷേധിച്ചത്. കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തിട്ടില്ലെന്ന് പ്രഥമദൃഷ്ട്യാ തെളിവില്ലാത്തവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. സാക്ഷിമൊഴികൾ മാത്രമാണ് ഇവർക്കെതിരെയുള്ളത്. 2022 ഏപ്രിൽ 16നാണ് ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് മൂത്താന്തറ ആരപ്പത്ത് എ.ശ്രീനിവാസൻ (44) കൊല്ലപ്പെട്ടത്. പോപ്പുലർ ഫ്രണ്ട് നേതാവ് എലപ്പുള്ളി കുപ്പിയോട് എ.സുബൈറിനെ കൊലപ്പെടുത്തിയതിനു പ്രതികാരമായാണ് തൊട്ടടുത്ത ദിവസം ശ്രീനിവാസനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പിന്നീട് എൻഐഎ കേസ് ഏറ്റെടുത്തു. രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് നിരോധനത്തിലേക്ക് നയിച്ചതിനു കാരണമായ കേസുകളിലൊന്നു കൂടിയാണിത്.