ന്യൂഡല്‍ഹി : അതിർത്തിയിൽ ഇന്ത്യയുടെ തിരിച്ചടി ഭയന്ന് പാകിസ്താൻ. രണ്ട് മാസത്തേക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ ശേഖരിച്ച് സൂക്ഷിക്കാൻ ജനങ്ങൾക്ക് നിർദേശം നൽകി. നിയന്ത്രണ രേഖയ്ക്ക് സമീപത്തെ 13 മണ്ഡലങ്ങളിലെ ജനങ്ങൾക്കാണ് നിർദേശം നൽകിയത്. ഇന്ത്യയുടെ ആക്രമണം ഉണ്ടാകുമെന്നും അതിനായി തയ്യാറെടുക്കാനും നിർദേശമുണ്ട്.
അതിനിടെ ഉറി, കുപ് വാര ,അഖ്നൂർ മേഖലകളിൽ ഇന്നും പാക് വെടിവെപ്പുണ്ടായി.ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. ലഷ്കർ ഭീകരൻ മുഹമ്മദ് റിയാസിന്റെ സ്വത്തുക്കൾ ജമ്മു കശ്മീർ പൊലീസ് കണ്ടുകെട്ടി.
അതിർത്തിയിൽ പ്രകോപനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് പാകിസ്താന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. യുപിയിലെ ഗംഗ എക്സ്പ്രസ് വേയിൽ വ്യോമസേനയുടെ പരിശീലനം രാത്രിയും തുടർന്നു. പഹൽഗാം ഭീകരാക്രമണത്തിൽ പാക് ബന്ധം തെളിയിക്കുന്ന കൂടുതൽ റിപ്പോർട്ടുകളും എന്‍ഐഎ പുറത്തുവിട്ടു.
പഹൽഗാം ആക്രമണം കഴിഞ്ഞ് 10 ദിവസം പിന്നിട്ടിട്ടും അതിർത്തിയിൽ പാകിസ്താന്റെ പ്രകോപനം തുടരുകയാണ്. നിയന്ത്രണ രേഖയിലെ പാക് വെടിവെപ്പിൽ ശക്തമായ ഭാഷയിൽ സൈന്യം മറുപടി നൽകി. അതിർത്തിയിലെ സൈനിക വിന്യാസവും വർധിപ്പിച്ചിട്ടുണ്ട്. നാവിക, വ്യോമസേനങ്ങളുടെ പരിശീലനം പുരോഗമിക്കുകയാണ്. ഇന്നലെ രാത്രിയും റഫാൽ, ജാഗ്വാർ , മിറേഷ് യുദ്ധവിമാനങ്ങൾ പരിശീലനം നടത്തി.