കൊൽക്കത്ത: ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ നിർണായക മത്സരത്തിൽ പാക്കിസ്ഥാന് തകർപ്പൻ ജയം. ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിനാണ് പാക്കിസ്ഥാൻ കീഴടക്കിയത്. ഇതോടെ സെമിയിലേക്കുള്ള വിദൂര സാധ്യത പാക്കിസ്ഥാൻ നിലനിർത്തി. ഏഴ് മത്സരങ്ങളിൽ ആറും തോറ്റ ബംഗ്ലാദേശ് ഇതോടെ സെമി കാണാതെ പുറത്തായി. സ്കോർ: ബംഗ്ലാദേശ് 204-10 (45.1), പാക്കിസ്ഥാൻ 205-3 (32.3).
അബ്ദുള്ള ഷഫീഖിന്റെയും ഫഖർ സമാന്റെയും അർധ സെഞ്ചുറി പ്രകടനമാണ് പാക്കിസ്ഥാന് തകർപ്പൻ ജയം സമ്മാനിച്ചത്. ഷഫീഖ് 69 പന്തിൽ രണ്ട് സിക്സും ഒൻപത് ഫോറും ഉൾപ്പെടെ 68 റണ്‍സെടുത്തു. സമാൻ 74 പന്തിൽ ഏഴ് സിക്സും മൂന്ന് ഫോറും ഉൾപ്പെടെ 81 റണ്‍സാണ് അടിച്ചെടുത്തത്. ഇരുവരും ചേർന്ന് 128 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് പടുത്തുയർത്തു. ഈ പ്രകടനമാണ് പാക്കിസ്ഥാന് അനായാസ വിജയം സമ്മാനിച്ചത്. നായകൻ ബബർ അസാം (9) നിരാശപ്പെടുത്തിയപ്പോൾ മുഹമ്മദ് റിസ് വാനും (26) ഇഫ്തിഖർ അഹമ്മദും (17) പുറത്താകാതെ പാക്കിസ്ഥാനെ വിജയത്തിലെത്തിച്ചു. മൂന്ന് വിക്കറ്റും ബംഗ്ലാദേശിന്റെ മെഹിദി ഹസൻ മിറാസിനാണ്.
നേരത്തേ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് തുടക്കം പിഴച്ചു. 23 റണ്‍സിനിടെ മൂന്ന് മുൻനിര വിക്കറ്റുകളാണ് ബംഗ്ലാദേശിനു നഷ്ടമായത്. മഹ്മദുള്ള, ലിട്ടണ്‍ ദാസ്, ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ എന്നിവരുടെ പ്രകടനമാണ് ബംഗ്ലാദേശിനെ 200 കടത്തിയത്. ലിട്ടൻ ദാസ് 64 പന്തിൽ 45 റണ്‍സെടുത്തു. മഹ്മദുള്ള 70 പന്തിൽ ഒരു സിക്സും ആറ് ഫോറും ഉൾപ്പെടെ 56 റണ്‍സ് നേടി. ഷാക്കിബ് 43 റണ്‍സുമെടുത്തു. മെഹിദി ഹസൻ മിറാസ് 25 റണ്‍സും സ്കോർ ചെയ്തു. മറ്റാർക്കും രണ്ടക്കം കാണാൻ കഴിഞ്ഞില്ല.ഷഹീൻ അഫ്രീദിയും മുഹമ്ദ് വസീമും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഹാരിസ് റൗഫ് രണ്ട് വിക്കറ്റും നേടി.