ഇന്ത്യയുമായി മുടങ്ങിക്കിടക്കുന്ന വ്യാപാരം പുനഃരാരംഭിക്കുന്നത് ഗൗരവമായി പരിശോധിക്കുകയാണെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ. ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന 370-ാം വകുപ്പ് കേന്ദ്രം റദ്ദാക്കിയതിന് പിന്നാലെ 2019 ഓഗസ്റ്റിൽ ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരം പാകിസ്ഥാൻ നിർത്തിവച്ചിരുന്നു. നിലവിൽ ദുബൈയും സിംഗപ്പൂരും വഴിയാണ് വ്യാപാരം നടത്തുന്നത്. ഇത് അധിക ചെലവിന് കാരണമാകുന്നതായും ഇഷാഖ് ദാർ പറഞ്ഞു.
വ്യാപാരം നിർത്തിയതിന് പിന്നാലെ നടന്ന പുൽവാമ ഭീകരാക്രമണമാണ് ബന്ധം കൂടുതൽ വഷളാക്കിയത്. പാകിസ്ഥാൻ ഇറക്കുമതിക്ക് 200 ശതമാനം തീരുവ ഏർപ്പെടുത്തിയതോടെ വ്യാപാരം നിർത്തി. 2016-17ലെ കണക്ക് പ്രകാരം 2.29 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് ഇരു രാജ്യങ്ങളും തമ്മിൽ നടത്തുന്നത്. ഇത് ഇന്ത്യയുടെ മൊത്തം വ്യാപാരത്തിന്റെ 0.35 ശതമാനം മാത്രമാണ്.
പരുത്തി, ഓർഗാനിക് കെമിക്കൽസ്, പ്ലാസ്റ്റിക്, ടാനിംഗ്/ഡയിംഗ് എക്സ്ട്രാക്റ്റുകൾ, ന്യൂക്ലിയർ റിയാക്ടറുകൾ, ബോയിലറുകൾ, മെഷിനറികൾ, മെക്കാനിക്കൽ ഉപകരണങ്ങൾ, ധാതു ഇന്ധനങ്ങൾ, എണ്ണകൾ, പഴങ്ങൾ, പരിപ്പ്, ഉപ്പ്, സൾഫർ, പ്ലാസ്റ്ററിംഗ് വസ്തുക്കൾ, അയിരുകൾ, തുകൽ തുടങ്ങിവയാണ് ഇന്ത്യയിൽ നിന്നും പാകിസ്ഥാനിലേക്ക് കയറ്റുമതി ചെയ്തിരുന്നത്.