ഇസ്ലാമബാദ് : ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പാകിസ്ഥാന് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പുതിയ ചീഫ് സെലക്ടറായി നിയമിതനായ മുന്‍ താരം വഹാബ് റിയാസാണ് 18 അംഗ ടീമിനെ തിരഞ്ഞെടുത്തത്. പാകിസ്ഥാന്റെ ഓസ്ട്രേലിയന്‍ പര്യടനത്തിന്റെ ഭാഗമായാണ് പോരാട്ടം. മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് പാകിസ്ഥാന് ഓസീസ് മണ്ണില്‍ കളിക്കുന്നത്.
മൂന്ന് പുതുമുഖങ്ങള്‍ ടെസ്റ്റ് ടീമില്‍ ഇടംപിടിച്ചു. സയം ആയുബ്, ഖുറം ഷെഹ്സാദ്, ആമിര്‍ ജമാല്‍ എന്നിവരാണ് ടീമിലേക്ക് എത്തുന്നത്. ഇടംകൈയന്‍ പേസര്‍ മിര്‍ ഹംസ ടെസ്റ്റ് ടീമില്‍ മടങ്ങിയെത്തി.
സയം അയുബ് ഇടം കൈയന്‍ ബാറ്ററും ഖുറം ഷെഹ്സാദ് പേസ് ബൗളറുമാണ്. ആമിര്‍ ഓള് റൗണ്ടറാണ്. പാകിസ്ഥാനു വേണ്ടി എട്ട് ടി20 മത്സരങ്ങള്‍ കളിച്ച താരമാണ് സയം അയുബ്. ആമിര്‍ നാല് ടി20 മത്സരങ്ങള്‍ കളിച്ചു. പാകിസ്ഥാനു വേണ്ടി മൂന്ന് ടെസ്റ്റുകള്‍ കളിച്ച താരമാണ് മിര്‍.
പാകിസ്ഥാന്റെ ടെസ്റ്റ് ക്യാപ്റ്റനായി ഷാന്‍ മസൂദിനെ സമീപ ദിവസങ്ങളിലാണ് പ്രഖ്യാപിച്ചത്. നായകനെന്ന നിലയില്‍ താരത്തിനു മുന്നിലെത്തുന്ന ആദ്യ വെല്ലുവിളിയും ഓസീസ് പര്യടനം തന്നെ.
ലോകകപ്പിനു പിന്നാലെ ബാബര്‍ അസം എല്ലാ ഫോര്‍മാറ്റിലേയും നായക സ്ഥാനം ഒഴിഞ്ഞിരുന്നു. പിന്നാലെ പരിമിത ഓവര്‍ ക്യാപ്റ്റനായി പേസര്‍ ഷഹീന് ഷാ അഫ്രീദിയേയും ടെസ്റ്റ് നായകനായി ഷാന്‍ മസൂദിനേയും പ്രഖ്യാപിക്കുകയായിരുന്നു.
ബാബര്‍ അടക്കമുള്ള മുതിര്‍ന്ന താരങ്ങളെല്ലാം ഓസീസ് പര്യടനത്തിനുണ്ട്. അതേസമയം പേസര്‍ ഹാരിസ് റൗഫിനെ ടീമിലേക്ക് പരിഗണിച്ചില്ല.