ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരുടെ ദൃശ്യങ്ങള്‍ മലയാളിയുടെ കാമറയില്‍. പുനെയില്‍ സ്ഥിരതാമസമാക്കിയ ശ്രീജിത്ത് രമേശന്റെ കാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. പഹല്‍ഗാമില്‍ ആക്രമണത്തിന് നാലുദിവസം മുമ്പ് പകര്‍ത്തിയ ദൃശ്യത്തിലാണ് ഭീകരരുടെ ചിത്രങ്ങള്‍ പതിഞ്ഞത്.
ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ടവരുടെ രേഖാ ചിത്രങ്ങളും ഫോട്ടോകളും സുരക്ഷാ സേനപുറത്തുവിട്ടതിന് പിന്നാലെയാണ് ഇവരെ ശ്രീജിത്ത് തിരിച്ചറിഞ്ഞത്. വിവരം എന്‍ഐഎയെ അറിയിക്കുകയും ദൃശ്യങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്തു..
ഏപ്രില്‍ 18ന് ശ്രീജിത്ത് രമേശന് കുടുംബവുമായി കശ്മീരില്‍ അവധി ആഘോഷത്തിനെത്തിയതായിരുന്നു. ഈ സമയത്ത് കുടുംബവുമായുള്ള ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് അതുവഴി കടന്നുപോയ ഭീകരരും ഫോണില്‍ പതിഞ്ഞത്. പഹല്‍ഗാം ടൗണില്‍ നിന്ന് ഏഴര കിലോമീറ്റര്‍ മാറി ബേതാബ് വാലിയെന്ന വിനോദ സഞ്ചാര കേന്ദ്രത്തില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണിവ. ഇവിടെവെച്ച് മകളുടെ ഡാന്‍സ് വിഡിയോ ചിത്രീകരിക്കുന്നതിനിടെ ആകസ്മികമായി അതുവഴി കടന്നുപോയ ഭീകരര്‍ കാമറയില്‍ പതിയുകയായിരുന്നു.
ഭീകരരുടെ രേഖാചിത്രങ്ങളുമായിസാമ്യമുള്ളതിനാല്‍ ശ്രീജിത്ത് എന്‍ഐഎയെ ബന്ധപ്പെടുകയും ദൃശ്യങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്തു. എന്‍ഐഎ ഇദ്ദേഹത്തില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു.
പഹല്‍ഗാം താഴ്വരയ്ക്കൊപ്പം മറ്റു സ്ഥലങ്ങളും ആക്രമണത്തിനായി ഭീകരര്‍ തെരഞ്ഞെടുത്തിരുന്നുവെന്നാണ് സംശയിക്കുന്നത്. അന്നേദിവസം ആയിരത്തോളം ടിക്കറ്റുകളാണ് പഹല്‍ഗാമില്‍ വിറ്റുപോയത്.