കെ കരുണാകരന്റെ മകള്‍ പത്മജാ വേണുഗോപാല്‍ ബിജെപിയിലെത്തുമ്പോള്‍ അത് കേരളത്തിലെ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായ തിരിച്ചടിയാണ് എന്നത് വ്യക്തമാണ്. പ്രത്യേകിച്ച് ന്യൂനപക്ഷ വോട്ടുകള്‍ അനുദിനം കോണ്‍ഗ്രസില്‍ നിന്നകന്നുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍.
എന്നാല്‍ പത്മജാ വേണുഗോപാല്‍ എന്ന വ്യക്തിയെ ഒരു രാഷ്ട്രീയക്കാരിയെന്ന് പോലും പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ വിളിക്കാന്‍ കഴിയില്ല എന്നതാണ് വസ്തുത. അവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നത് അച്ഛൻ കെ കരുണാകരന് ആ പാര്‍ട്ടിയുടെ കേരളത്തിലെ എക്കാലത്തെയും സമുന്നത നേതാവായിരുന്നതു കൊണ്ടു മാത്രമാണ്. പാർട്ടി നേതൃസ്ഥാനവും അതുവഴി അധികാരവും കിട്ടിയാൽ ആ സ്ഥാനമാനങ്ങൾ നൽകുന്ന സുഖശീതളിമ മാത്രമായിരുന്നു പത്മജയെ കോണ്ഗ്രസിലേക്കാകര്ഷിച്ചത്. അല്ലാതെ പാര്‍ട്ടിയുടെ പ്രസക്തിയോ പ്രത്യയശാസ്ത്രമോ അല്ലെന്ന് ഏത് കണ്ണുപൊട്ടനും തിരിച്ചറിയാന്‍ കഴിയും.
വൃദ്ധനായ പിതാവിന്റെ നിവൃത്തികേടിനെ ചൂഷണം ചെയ്ത്, മിടുക്കനായ സഹോദരന്റെ രാഷ്ട്രീയഭാവിയെ നിര്‍ദ്ദയമായി തുലച്ചു കൊണ്ടായിരുന്നു രാഷ്ട്രീയക്കാരി എന്ന നിലയിലുള്ള അവരുടെ രൂപപരിണാമമാരംഭിച്ചത്. സ്വത്ത് മാത്രം പോരാ ലീഡറുടെ കോണ്‍ഗ്രസ് പൈതൃകത്തിന്റെ പാതിയും തനിക്ക് വേണമെന്ന അത്യാഗ്രഹം മാത്രമായിരുന്നു ആ മാറ്റത്തിന് കാരണം. ആ അത്യാഗ്രഹത്തിന്റെ ‘എക്സ്റ്റൻഷൻ’ ആണ് അവരെ ഇപ്പോള്‍ ബിജെപിയിലെത്തിച്ചതും. സ്വന്തം സഹോദരന് അടക്കം മല്‍സരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കുറച്ച് വെള്ളം കുടിക്കട്ടെ എന്ന അവരുടെ കൊതിക്കെറുവും കുശുമ്പുമാണ് ഈ സമയം ഇത്തരത്തിലൊരു നീക്കത്തിന് അവരെ പ്രേരിപ്പിച്ചതെന്ന് വ്യക്തം.
മൂന്നു തെരഞ്ഞെടുപ്പുകളിൽ കോണ്‍ഗ്രസ് അവര്‍ക്ക് സീറ്റ് നല്കി. കരുണാകരന് ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹം അമ്പതിനായിരത്തില്‍പ്പരം വോട്ടുകള്‍ക്ക് വിജയിച്ച അന്നത്തെ മുകുന്ദപുരം (ഇപ്പോള്‍ ചാലക്കുടി) ലോക്സഭാ മണ്ഡലത്തിലായിരുന്നു 2004 ല്‍ ആദ്യമല്‍സരം. ഒന്നരലക്ഷം വോട്ടിന് ലോനപ്പന് നമ്പാടനോട് ഭേഷായി തോറ്റു. ഈ കിട്ടിയ വോട്ടുകളൊക്കെ എവിടെ നിന്നു വന്നു എന്ന് ജയിച്ചതിന് ശേഷവും തനിക്ക് മനസിലായില്ലെന്ന് നമ്പാടന് മാഷ് തമാശയായി പറയുമായിരുന്നു. പിന്നീട് 2016ലും 2021ലും തൃശൂര്‍ അസംബ്ലി മണ്ഡലത്തില്‍ അവര്‍ക്ക് കോണ്‍ഗ്രസ് സീറ്റ് കൊടുത്തു. തേറമ്പിൽ രാമകൃഷ്ണൻ തുടർജയം നേടിയിരുന്ന സീറ്റിൽ രണ്ടു തവണയും ഭംഗിയായി പരാജയപ്പെട്ടു. ചുരുക്കത്തില്‍ കോണ്‍ഗ്രസിനെന്നല്ല, രാഷ്ട്രീയത്തിന് തന്നെ യോജിച്ചയാളല്ല പത്മജയെന്ന് ഇതിലൂടെ വ്യക്തമായി.
ഭാര്യ കല്യാണിക്കുട്ടിയമ്മ മരിച്ചതിനു ശേഷം കെ കരുണാകരന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് മകള്‍ എന്ന നിലയില്‍ പത്മജയായിരുന്നു. കെ മുരളീധരനാവട്ടെ കോഴിക്കോട് കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. തിരുവനന്തപുരത്തെ വീട്ടില്‍ ലീഡര്‍ക്കൊപ്പം എപ്പോഴും ഉണ്ടാകുന്നത് പത്മജയാണെന്നത് കൊണ്ടും എറണാകുളത്തു വന്നാല്‍ അദ്ദേഹം തങ്ങുന്നത് പനമ്പിള്ളി നഗറിലെ അവരുടെ വീട്ടില്‍ ആണ് എന്നതും ലീഡര്‍ക്ക് മേല്‍ മുരളിയേക്കാൾ മകളുടെ സ്വാധീനം ഊട്ടിയുറപ്പിച്ചു. അങ്ങിനെയാണ് അവരിലെ രാഷ്ട്രീയമോഹത്തിന് ചിറകുവെക്കാൻ തുടങ്ങിയത്. കെവി തോമസിനെ പോലെയുള്ള അക്കാലത്തെ ലീഡറുടെ ശിങ്കിടികൾ തങ്ങളുടെ സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ആ അതിമോഹത്തിന് വെള്ളവും വളവും നല്കി. ഇങ്ങിനെയാണ് പത്മജാ വേണുഗോപാല്‍ എന്ന രാഷ്ട്രീയക്കാരി ഉണ്ടാകുന്നത്.
രാഷ്ട്രീയത്തിലേക്കിറങ്ങാനുള്ള പത്മജയുടെ മോഹം അറിഞ്ഞപ്പോള്‍ കരുണാകരന് ആദ്യം ഞെട്ടി. പക്ഷേ അദ്ദേഹത്തിന് വഴങ്ങാതെ നിവൃത്തിയില്ലായിരുന്നു. കെ മുരളീധരന് അടക്കം പലരും ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയിട്ടും മകളുടെ രാഷ്ട്രീയപ്രവേശത്തെ ലീഡര്‍ക്ക് മനസില്ലാമനസ്സോടെ പിന്തുണക്കേണ്ടി വന്നു. കരുണാകരനെ ബന്ദിയാക്കിയാണ് തന്റെ രാഷ്ട്രീയപ്രവേശനം പത്മജ സാധിച്ചെടുത്തത് എന്ന് അന്ന് തന്നെ കോണ്‍ഗ്രസ് നേതാക്കളില്‍ പലർക്കും അറിയാമായിരുന്നു.
സോണിയാ ഗാന്ധിയുമായി കരുണാകരന് ആദ്യം തെറ്റുന്നതും 2001ലെ നിയസഭാ തെരഞ്ഞെടുപ്പ് വേളയില്‍ പത്മജയുടെ നിയമസഭാ സീറ്റിനെ ചൊല്ലിയാണ്. 2004ല്‍ പത്മജ മുകുന്ദപുരത്ത് നിന്നും ലോക്സഭയിലേക്ക് മത്സരിക്കുമ്പോള്‍ അന്നത്തെ കോണ്‍ഗ്രസിലെ കരുണാകര വിരുദ്ധ വിഭാഗം അവരെക്കുറിച്ചുള്ള അപവാദ കഥകള്‍ അശ്ലീല വാരികകളില്‍ അച്ചടിപ്പിച്ചു മണ്ഡലത്തിലെ വീടുകള്‍ തോറും വിതരണം ചെയ്യുകയായിരുന്നു. (അതില്‍ സത്യങ്ങളും അര്‍ധസത്യങ്ങളും അസത്യങ്ങളുമുണ്ടായിരുന്നു.) അന്ന് അവര്‍ ലോക്സഭയിലേക്ക് മത്സരിച്ചില്ലായിരുന്നെങ്കില്‍ വടക്കാഞ്ചേരി നിയമസഭാ ഉപതെരെഞ്ഞെടുപ്പില്‍ ഒരുപക്ഷെ കെ മുരളീധരന് ജയിച്ചു കയറുമായിരുന്നു. കെ കരുണാകരന് അടിതെറ്റിയത് ശരിക്കും വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പിലെ മുരളിയുടെ പരാജയത്തോടെയായിരുന്നു. എ വിഭാഗം കാലുവാരി തോല്പ്പിക്കുമെന്നുറപ്പുണ്ടായിട്ടും അത് തടയാന്‍ കരുണാകരന് കഴിയാതെ പോയത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്മജക്ക് കിട്ടിയ മുകുന്ദപുരം സീറ്റില്‍ അമിതശ്രദ്ധയും സമയവും ചെലവഴിക്കേണ്ടി വന്നത് കൊണ്ടായിരുന്നു.
ബിജെപിയെ സംബന്ധിച്ചിടത്തോളം കേരളത്തിലെ കോണ്‍ഗ്രസിനെ ദുര്‍ബലമാക്കേണ്ടത് അവരുടെ രാഷ്ട്രീയ ആവശ്യമാണ്. അതുകൊണ്ട് തന്നെ പത്മജയായാലും മറ്റേത് നേതാവായാലും അവര്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കും. കേരളത്തിലെ കോൺഗ്രസിനെ വളർത്തിയ രണ്ട് അതികായരുടെ രണ്ടാം തലമുറയെ ബിജെപിയിൽ എത്തിക്കാൻ കഴിഞ്ഞു എന്ന് അവർക്ക് വമ്പു പറയാം. പത്മജയെപ്പോലുളളവര് കോണ്‍ഗ്രസിന് എക്കാലവും ബാധ്യതകള്‍ മാത്രമേ ആകുമായിരുന്നുളളു. അവരുടെ ബിജെപി പ്രവേശനം ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കുമെന്ന് ഉറപ്പാണ്. കാരണം ഇടതുപക്ഷം ഈ വിഷയം നന്നായി ഉപയോഗിക്കുമെന്ന് വ്യക്തം. എന്നാല്‍ ഇത്തരം ചവറുകള്‍ ഇങ്ങനെയെങ്കിലും തൂത്തുമാറ്റപ്പെടുന്നത് ദീര്‍ഘകാല അടിസ്ഥാനത്തിൽ കോൺഗ്രസിന് നല്ലതാണ്.