ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് ലീഡറുമായിരുന്ന കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നു. കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കര്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശം. ജാവഡേക്കറിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തിയശേഷമാണ് ഇരുവരും ബിജെപി ആസഥാനത്തെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി കരുത്തനായ നേതാവാണെന്ന് പത്മജ വേണുഗോപാല്‍ മാധ്യമങ്ങളോടു പറഞ്ഞു. കോണ്‍ഗ്രസുമായി ഏറെക്കാലമായി അകല്‍ച്ചയിലായിരുന്നെന്ന് പത്മജ പറഞ്ഞു. വളരെയധികം സന്തോഷവും കുറച്ച് ടെന്‍ഷനുമുണ്ട്. ആദ്യമായാണ് പാര്‍ട്ടി മാറുന്നത്. കുറെക്കാലമായി കോണ്‍ഗ്രസ് നേതൃത്വവുമായി അകല്‍ച്ചയിലാണ്. പ്രത്യേകിച്ച് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം. ഹൈക്കമാന്‍ഡില്‍ പരാതി നല്‍കിയെങ്കിലും യാതൊരു മറുപടിയും ലഭിച്ചില്ല. നേതൃത്വവുമായി ചര്‍ച്ച നടത്താന്‍ പലതവണ എത്തിയെങ്കിലും അതിനു അനുവാദം തന്നില്ലെന്ന് പത്മജ പറഞ്ഞു. എല്ലാ പാര്‍ട്ടികള്‍ക്കും ശക്തമായ നേതൃത്വം വേണം. കോണ്‍ഗ്രസില്‍ അതില്ല. സോണിയ ഗാന്ധിയോട് വളരെയധികം ബഹുമാനമുണ്ട്. എന്നാല്‍ അവരെ കാണാന്‍ ഒരിക്കല്‍ പോലും അനുവാദം തന്നിട്ടില്ല. അതുകൊണ്ടാണ് ഈ തീരുമാനമെടുത്ത്. ഈ പാര്‍ട്ടിയെക്കുറിച്ച് പഠിക്കണം. മോദിജീ കരുത്തനായ നേതാവാണ്. അതുകൊണ്ടു മാത്രമാണ് ഈ പാര്‍ട്ടിയിലേക്ക് വന്നതെന്നും പത്മജ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്മജ ബിജെപി സ്ഥാനാര്‍ഥിയായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2004ല്‍ മുകുന്ദപുരം ലോക്സഭാമണ്ഡലത്തില്‍ നിന്നു പത്മജ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ലോനപ്പന് നമ്പാടനോടായിരുന്നു പരാജയപ്പെട്ടത്. തൃശൂരില്‍നിന്ന് 2016ലും 2021ലും നിയമസഭയിലേക്കു മത്സരിച്ചെങ്കിലും അന്നും പത്മജ പരാജയപ്പെട്ടു.