ന്യൂഡൽഹി : കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ തന്നെ കോൺഗ്രസ് വിടാൻ തീരുമാനിച്ചിരുന്നുവെന്ന് പത്മജ വേണുഗോപാൽ. കെ മുരളീധരൻ നടത്തിയ വർക്ക് അറ്റ് ഹോം പരാമര്‍ശം വേദനിപ്പിച്ചു. അന്യര്‍ പറയുന്നതു പോലെയല്ല അത്. ഒന്നൊന്നരക്കൊല്ലം സുഖമില്ലാതെ കിടന്ന കാര്യം അദ്ദേഹത്തിന് അറിയാം. വയ്യാത്ത കിടക്കയില്‍ നിന്നും പാര്‍ട്ടി പരിപാടികള്‍ക്ക് പോയിട്ടുണ്ട്. ഇതെല്ലാം അറിഞ്ഞിട്ടും സ്വന്തം താല്പര്യത്തിനും വിജയത്തിനും വേണ്ടി അസുഖം വന്നൊരു സഹോദരിയോട് ഇങ്ങനെ പറയരുതായിരുന്നുവെന്നും പത്മജ ഒരു ടെലിവിഷൻ ചാനലിനോട് പറഞ്ഞു.
ശരിയാണ്… മൂന്നു കൊല്ലമായി മാനസികമായി പാര്‍ട്ടിയുമായി അകല്‍ച്ചയിലായിരുന്നു. അവഗണനയില്‍ മടുത്താണ് കോണ്‍ഗ്രസില്‍ നിന്നും പുറത്തു പോകുന്നത്. എല്ലാം തന്നു എന്നവര്‍ പറയുന്നു. കഴിഞ്ഞ ഇലക്ഷനില്‍ ആരാണ് തോല്‍പ്പിച്ചതെന്ന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ മനസ് മടുത്ത് പുറത്തുപോകാന്‍ തീരുമാനിക്കുകയായിരുന്നു. അച്ഛന്റെ പേരിൽ മന്ദിരം പണിതു തരാം എന്നു പറഞ്ഞതിന്റെ പേരില്‍ മാത്രം ഇത്രയും കാത്തതാണ്.
അച്ഛൻ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ആത്മാവ് പോലും പൊറുക്കാത്ത തെറ്റുകള്‍ ചെയ്ത് വിഷമിപ്പിച്ചവര്‍ ഇപ്പോള്‍ ഇത്തരം പരാമര്‍ശം നടത്തിയിട്ട് എന്ത് കാര്യം. രാജ്യസഭാ സീറ്റു പരാമര്‍ശത്തെ കുറിച്ച് അവർ പലതും പറയും. അത് കാര്യമാക്കുന്നില്ല. അത്രമാത്രം മനസ് വിഷമിച്ചാണ് പോകുന്നത്. ബിജെപിയിലേക്ക് പോകുന്നതില്‍ തീരുമാനം എടുത്തിട്ടില്ലാതിരുന്നത് കൊണ്ടാണ് എഫ്ബിയില്‍ ഇന്നലെ പോസ്റ്റിട്ടത്. ബിജെപി പ്രവേശനത്തെ കുറിച്ച് ആരോടും സംസാരിച്ചിരുന്നില്ല. മുരളീധരനോടും ഇക്കാര്യം പറഞ്ഞിരുന്നില്ല. തന്റെ തീരുമാനം ബിജെപിയില്‍ ചേരാനാണ്. മറ്റ് ആരോപണങ്ങള്‍ക്കൊന്നും ഉത്തരം പറയാന്‍ ആഗ്രഹിക്കുന്നില്ല. അംഗത്വം സ്വീകരിക്കുന്ന സമയം ബിജെപി പറയുമ്പോഴേ അറിയൂവെന്നും പത്മജ സൂചിപ്പിച്ചു.