ലീഡറുടെ രാഷ്ട്രീയ പിന്തുടർച്ച സംബന്ധിച്ചുള്ള ഈഗോയാണ് പത്മജയുടെ ബിജെപി പ്രവേശത്തിന് യഥാർത്ഥ കാരണമെന്ന് മുതിർന്ന മാധ്യമപ്രവർത്തകനായ ജോൺ മുണ്ടക്കയം. കോൺഗ്രസിനോട് ഉള്ളതിനേക്കാൾ മുരളീധരനോടുള്ള വൈകാരികമായ വെല്ലുവിളിയാണ് ബിജെപിയിലേക്ക് തന്നെ പത്മജ പോകാനുള്ള കാരണമെന്നാണ് ജോൺ മുണ്ടക്കയത്തിന്റെ നിരീക്ഷണം. 90 കളിൽ പത്മജയുമായി നടത്തിയ കൂടിക്കാഴ്ച മുതൽ അവരുടെ രാഷ്ട്രീയാഗ്രഹങ്ങൾ വരെ പ്രതിപാദിക്കുന്ന ഫേസ്ബുക്ക് കുറിപ്പ് വായിക്കാം .
പത്മജയുമായി ഒരുകൂടിക്കാഴ്ച്ച
തൊണ്ണൂറുകളുടെ തുടക്കത്തിൽ,അവസാനത്തെ കരുണാകരൻ മന്ത്രിസഭയുടെ കാലത്ത്, ചുറ്റും നിന്ന് അദ്ദേഹത്തെ രാഷ്ട്രീയമായി തകർക്കുന്ന അധികാര ദല്ലാളന്മാരെ കുറിച്ച് മനോരമയിൽ ഞാൻ ഒരു വാർത്താ പരമ്പര എഴുതി .പിച്ച ബഷീർ മുതൽ പാവം പയ്യൻ വരെ കരുണാകരനെ മറയാക്കി അധികാരം ദുരുപയോഗം ചെയ്യുന്നവരെ കുറിച്ചായിരുന്നു പരമ്പര .
പരമ്പരയിൽ ഒരിടത്ത് കരുണാകരന്റെ മക്കളും ചില ഗൾഫ് വ്യവസായികളും ചേർന്ന് ദുബായിൽ ഒരു പഞ്ചനക്ഷത്ര ആശുപത്രി നിർമ്മിക്കാൻ ആസൂത്രണം നടത്തുന്നതായി സൂചിപ്പിച്ചിരുന്നു. ആ പരമ്പര വന്നശേഷം എനിക്ക് അടുപ്പം ഉണ്ടായിരുന്ന അന്നത്തെ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ നടൻ സുകുമാരൻ എന്നെ ഫോണിൽ വിളിച്ചു പത്മജ യ്ക്ക് എന്നെ സ്വകാര്യമായി കാണാൻ താല്പര്യം ഉണ്ടെന്ന് അറിയിച്ചു. ഞാൻ പൂജപ്പുരയിലുള്ള സുകുമാരന്റെ വീട്ടിലെത്തി. ഞാനെത്തുമ്പോൾ കുട്ടികളായ ഇന്ദ്രജിത്തും പൃഥ്വിരാജും ചില കൂട്ടുകാരും ചേർന്ന് വീടിൻ്റെ മുറ്റത്തു ക്രിക്കറ്റ് കളിക്കുകയായിരുന്നുവെന്നോർക്കുന്നു. അന്നവർ നടന്മാരായിട്ടില്ല.
വീട്ടിൽ നിറഞ്ഞ പുഞ്ചിരിയോടെ സുകുമാരനും മല്ലികയും ഒപ്പം പത്മജയും എന്നെ സ്വീകരിച്ചു. പത്മജയുമായി ആദ്യ കൂടിക്കാഴ്ച്ച.തങ്ങൾ ഗൾഫിൽ ആശുപത്രി ഉണ്ടാക്കാൻ പോകുന്നു എന്നത് ചിലരുടെ നുണപ്രചാരണം മാത്രമാണെന്നും ചേട്ടൻ്റെ രാഷ്ട്രീയഭാവി നശിപ്പിക്കുന്ന റിപ്പോർട്ടുകൾ ഒന്നും എഴുതരുതെന്നും പത്മജ അഭ്യർത്ഥിച്ചു. മുരളി അന്ന് രാഷ്ട്രീയത്തിലേക്ക് പിച്ച വയ്ക്കുന്നതേ ഉണ്ടായിരുന്നുള്ളു.മല്ലികാ സുകുമാരനാണ് ആ കൂടിക്കാഴ്ചയ്ക്ക് ഇന്നുള്ള ഏക സാക്ഷി.അന്ന് സഹോദരനുവേണ്ടി എന്നോട് സംസാരിച്ച പത്മജയാണ് ഇന്ന് സഹോദരനെ തള്ളിപ്പറഞ്ഞുകൊണ്ട് ബിജെപിയിലേക്ക് പോയത്.
കോൺഗ്രസ് തന്നോട് കാട്ടിയ അവഗണനയ്ക്കുള്ള തിരിച്ചടി എന്നാണ് പത്മജയുടെ ന്യായമെങ്കിലും സത്യത്തിൽ മുരളീധരന്റെ രാഷ്ട്രീയപ്രവേശനത്തിനു ശേഷം മുരളിയും പത്മജയും തമ്മിൽ വളർന്ന ഈഗോ പ്രശ്നമാണ് ഇന്ന് പത്മജയെ പാർട്ടി വിട്ടു ബി ജെ പി യിൽ ചേക്കേറാൻ പ്രേരിപ്പിച്ചതെന്നാണ് ഞാൻ കരുതുന്നത്.അച്ഛൻറെ രാഷ്ട്രീയ പിന്തുടർച്ചയ്ക്ക് അവകാശി പ്രിയ പുത്രിയായ താനാണെന്നും മുരളീധരൻ അത് കവർന്നെടുത്തുമുള്ള തോന്നൽ പത്മജയ്ക്ക് എന്നും ഉണ്ടായിരുന്നു.നിരവധി അവസരങ്ങൾ തിരഞ്ഞെടുപ്പിൽ ലഭിച്ചെങ്കിലും ഒരിക്കൽപോലും ജയിക്കാൻ കഴിയാതിരുന്നതും മുരളീധരൻ ജയിച്ചു കയറിയതും അകൽച്ച വർദ്ധിപ്പിച്ചു.
എക്കാലവും വിന്ധ്യാ പർവതം പോലെ ബിജെപിയെ കേരളത്തിൽ തടഞ്ഞുനിർത്തിയ കരുണാകരൻ്റെ പാരമ്പര്യം ഉപേക്ഷിച്ച് പത്മജ ബിജെപിയിലേക്ക് തന്നെ പോയത് കോൺഗ്രസിനോടുള്ളതിനേക്കാൾ ഏറെ മുരളിയോടുള്ള വെല്ലുവിളിയായി വേണം കാണാൻ. ഈ വൈകാരികമായ തീരുമാനം പത്മജയ്ക്ക് സ്ഥാനമാനങ്ങൾ നേടിക്കൊടുത്തേക്കും.മുരളീധരന് കഴിയുന്നതിനും അപ്പുറത്തുള്ള ചിലത് പത്മജ സ്വപ്നം കാണുന്നുണ്ട്.കരുണാകരന് ഭാരതരത്നം ,നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കരുണാകരന്റെ പേര്,പത്മജയ്ക്ക് രാജ്യസഭാ സീറ്റ് ഇങ്ങനെ പലതും കേൾക്കുന്നു. ഇവയെല്ലാം നേടിയാലും കെ. കരുണാകരന്റെ ആത്മാവും കേരളത്തിലെ ജനാധിപത്യ മനസും പത്മജയ്ക്ക് മാപ്പ് കൊടുക്കുമെന്ന് തോന്നുന്നില്ല.